
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ ഞെട്ടലിൽ നാട്ടുകാർ. കിലോമീറ്ററുകൾക്ക് അപ്പുറത്തും വലിയ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകൾക്കും വലിയ തോതിലുള്ള കേടുപാടുകൾ ഉണ്ടായി. സ്ഫോടന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ ദൂരെയുള്ള വീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ ഉണ്ടായിരിക്കുന്നത്. തുറസ്സായി കിടക്കുന്ന വയൽ ഭാഗമാണ് സ്ഫോടനം നടന്ന സ്ഥലം. ഇതിന്റെ ഇരുവശങ്ങളിലും വീടുകളുണ്ട്. മറ്റൊരു ഭാഗത്ത് റോഡുമുണ്ട്. എന്നാൽ ഇതിന്റെ പ്രകമ്പനം മൂന്ന് കിലോമീറ്ററുകൾക്കപ്പുറം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അടച്ചിട്ട വീടുകളിലെ ജനാലകളുടെയും ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. ചില വീടുകളുടെ മേൽക്കൂരയും തകർന്നു. മറ്റുചില വീടുകളുടെ ഭാഗങ്ങൾ വിണ്ടുകീറിയിട്ടുണ്ട്. പലരും ശബ്ദം കേട്ടാണ് സംഭവം അറിഞ്ഞത്. പലരും പുറത്തേക്ക് ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി. രണ്ട് തവണയാണ് ശബ്ദം കേട്ടത്. ആദ്യം കേട്ടപ്പോൾ ആളുകൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. അതിന് ശേഷം അതിനേക്കാൾ ശബ്ദത്തിൽ തീവ്രമായ സ്ഫോടനം ഉണ്ടായി. അപ്പോഴാണ് അധികം വീടുകൾക്കും കേടുപാടുകൾ ഉണ്ടായതെന്നും പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. 13 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. 5 പേരുടെ നില ഗുരുതരമാണ്. 13 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam