
മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈലുണ്ടായ വലിയ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെയും സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. 'സ്‌കൂള്‍ സമയമാറ്റം സ്വാഗതം ചെയ്യുന്നു, സമസ്‌തയുടെ വയനാട് ഫണ്ട് മുഖ്യമന്ത്രിയെ ഏല്‍പിക്കും'- എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡ് ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയതായാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം.
പ്രചരിക്കുന്ന വ്യാജ കാര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ട്
എന്നാല്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് ഇന്നേദിനം (01-08-2024) പുറത്തിറക്കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. വാര്‍ത്താ കാര്‍ഡില്‍ കാണുന്നത് പോലെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രസ്‌താവന താന്‍ നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ജിഫ്രി തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
പ്രചരിക്കുന്ന കാര്‍ഡിലുള്ള ഫോണ്ടും ശൈലിയും ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്നതല്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മറ്റൊരു വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് വ്യാജ പ്രചാരണം വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam