കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Sep 20, 2020, 2:57 PM IST
Highlights

പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി.
 

തിരുവനന്തപുരം: കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. 

കൊവിഡ് പരിശോധന നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവെന്ന പരാതി ഉയര്‍ന്നത്. കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ സീല്‍ പതിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

click me!