
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും 3 മാസത്തേക്ക് 749 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി ഒരു വാട്സ്ആപ്പ് സന്ദേശം വൈറലാണ്. മൊബൈല്‍ റീച്ചാര്‍ജുകളുടെ പേരില്‍ ഏറെ തട്ടിപ്പുകള്‍ ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട് എന്നതിനാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന മെസേജിന്‍റെ യാഥാര്‍ഥ്യവും പരിശോധിക്കാം.
പ്രചാരണം
'NEW YEAR RECHARGE OFFER
പുതുവര്‍ഷത്തിന്‍റെ സന്തോഷത്തില്‍, Pinarayi Vijayan എല്ലാവര്‍ക്കും 3 മാസത്തേക്ക് 749 രൂപയുടെ റീച്ചാര്‍ജ് തികച്ചും സൗജന്യമായി നല്‍കുന്നു. അതിനാല്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ റീച്ചാര്‍ജിന്‍റെ പ്രയോജനം നേടൂ. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം'.
വസ്‌തുതാ പരിശോധന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലും മുമ്പ് സമാനമായി ഫ്രീ റീച്ചാര്‍ജ് സംബന്ധിച്ച് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നതിനാല്‍ കേരള മുഖ്യമന്ത്രിയുടെ പേരിലുള്ള മെസേജും പരിശോധനയ്ക്ക് വിധേയമായി. ഈ ഫാക്ട് ചെക്കില്‍ കേരള സര്‍ക്കാരിന്‍റെ പബ്ലിക്ക് റിലേഷന്‍ വകുപ്പ് 2025 ജനുവരി 10-ാം പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് കണ്ടെത്താനായി. വാര്‍ത്താക്കുറിപ്പിലെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
'വാട്‌സ്‌ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയ തോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്‍റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവനദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല. പലപ്പോഴും അപകടകരമായ മാൽവയറുകളോ, വൈറസുകളോ, വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്‍റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ'.
നിഗമനം
മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും 3 മാസത്തേക്ക് 749 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായുള്ള വാട്‌സ്ആപ്പ് മെസേജ് വ്യാജമാണ്. ആരും വാട്‌സ്ആപ്പ് സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam