കശ്‌മീരിലെ മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരകളിലൂടെ വന്ദേ ഭാരത് പോകുന്ന കാഴ്‌ച ശരിക്കും അത്ഭുതമാണെന്ന് ചിത്രം പങ്കുവെച്ചുകൊണ്ടുള്ള എഫ്‌ബി കുറിപ്പില്‍ പറയുന്നു

കശ്‌മീരില്‍ മഞ്ഞുകാലമാണിത്. മഞ്ഞുമൂടിക്കിടക്കുന്ന കശ്‌മീര്‍ താഴ്‌വരയിലൂടെ പായുന്ന വന്ദേ ഭാരത് ട്രെയിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ചിത്രത്തിന്‍റെ യാഥാര്‍ഥ്യം പരിശോധിക്കാം. 

പ്രചാരണം

മഞ്ഞുമലകള്‍ക്കിടയിലൂടെ വരുന്ന ട്രെയിനിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്കില്‍ 2025 ജനുവരി 11ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ. 'ഈ ചിത്രം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ളതല്ല. ഇത് മനോഹരമായ ഇന്ത്യയില്‍ നിന്നുള്ള ഫോട്ടോയാണ്. കശ്‌മീരിലെ മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരകളിലൂടെ വന്ദേ ഭാരത് പോകുന്ന കാഴ്‌ച ശരിക്കും അത്ഭുതമാണ്'

വസ്‌തുതാ പരിശോധന

ഒറ്റ നോട്ടത്തില്‍ തന്നെ വന്ദേ ഭാരത് ട്രെയിനിന്‍റെ ചിത്രത്തില്‍ ഒരു അസ്വാഭാവിക കാണാം. സാധാരണയായി ഇലക്ട്രിക് ട്രെയിനുകളുടെ തൊട്ട് മുകളില്‍ക്കൂടിയാണ് ഇലക്ട്രിക് ലൈന്‍ കടന്നുപോകാറ്. എന്നാല്‍ ട്രെയിനിന്‍റെ ഒരു വശത്തുകൂടെ ഇലക്ട്രിക് ലൈന്‍ ശൃംഖല കടന്നുപോകുന്നതായാണ് ഫോട്ടോയില്‍ കാണുന്നത്. ഈ സംശയത്തെ തുടര്‍ന്ന് ഫോട്ടോ വസ്‌തുതാ പരിശോധനയ്ക്ക് വിധേയമാക്കി. 

ഫേസ്ബുക്കില്‍ കാണുന്ന ഫോട്ടോയുടെ താഴെ വലതുമൂലയിലായി 'ഗ്രോക്' എന്ന വാട്ടര്‍മാര്‍ക്ക് കാണാം. എക്‌സിന്‍റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക് നിര്‍മിച്ച ചിത്രമാണിത് എന്ന സൂചന ഇതില്‍ നിന്ന് ലഭിച്ചു. ഇതിന് ശേഷം ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ സമാന ഫോട്ടോ ഫേസ്ബുക്കില്‍ 2024 ഡിസംബര്‍ 28ന് ചെയ്തിട്ടുള്ള പോസ്റ്റില്‍ നിന്ന് ലഭിച്ചു. ട്രെയിനുകളുടെ മറ്റ് ചില ചിത്രങ്ങള്‍ കൂടി എഫ്ബി പോസ്റ്റിലുണ്ട്. എഐ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ചിത്രങ്ങളെന്ന് പോസ്റ്റില്‍ എഴുതിയിരിക്കുന്നത് കാണാം. 

ഇതിന് ശേഷം ഹൈവ് മോഡറേഷന്‍ പോലുള്ള എഐ ഫോട്ടോ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വൈറല്‍ വന്ദേ ഭാരത് ചിത്രം എഐ നിര്‍മിതമാണെന്ന് ഉറപ്പിക്കാനായി. 

നിഗമനം 

മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന കശ്‌മീര്‍ താഴ്‌വരയിലൂടെ വന്ദേ ഭാരത് ട്രെയിന്‍ സഞ്ചരിക്കുന്നതായുള്ള വൈറല്‍ ചിത്രം എഐ നിര്‍മിതമാണ്. 

Read more: എം എസ് ധോണിക്ക് ആദരമായി ഏഴ് രൂപ നാണയം പുറത്തിറക്കുന്നോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം