രക്ഷിതാക്കൾക്കെതിരെയായ വ്യാജ ലൈംഗിക പീഡന പരാതി; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

By Web TeamFirst Published Nov 11, 2021, 12:31 PM IST
Highlights

കേസ് വ്യാജമെന്ന് തെളിയിച്ചാലും രക്ഷിതാവിന്റെ ജീവിതം തകർന്നുപോകുമെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിപ്പിച്ച കേസ് റദ്ദാക്കി കൊണ്ടാണ് കോടതിയുടെ പരാമർശം.

കൊച്ചി: മാതാപിതാക്കൾക്കെതിരായ കുട്ടികളുടെ വ്യാജ ലൈംഗിക പീഡന പരാതികളിൽ (Fake sexual harassment complaint) ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി (high court). ഇത്തരം വ്യാജ പരാതികൾ മാരകമാണെന്ന് ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. കേസിൽ രക്ഷിതാവ് കുറ്റമുക്തനായാലും ജീവിതം തകർന്ന് പോകുമെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശിയായ അച്ഛനെ കുറ്റ മുക്തനാക്കിയാണ് ഹൈക്കോടതി പരാമർശം. രണ്ടാനമ്മ മകളെ ഉപയോഗിച്ച് നൽകിയത് വ്യാജ പരാതി ആണെന്ന വാദം കോടതി അംഗീകരിച്ചു.

ഏഴ് വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ കൽപ്പറ്റ പോക്സോ കോടതിയുടെ  വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വയനാട് സ്വദേശിയായ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ രണ്ടാം ഭാര്യ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് നടത്തിയ വ്യാജ പരാതിയാണ് കേസ് എന്നായിരുന്നു പ്രതിയുടെ വാദം. മെഡിക്കൽ രേഖകൾ ഇത് ശരിവെക്കുമെന്നും അച്ഛൻ വാദിച്ചു. എന്നാൽ, വിചാരണ ജ‍ഡ്ജി പരാതി ഉന്നയിച്ച കുട്ടിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിരുന്നതായും അച്ഛൻ ലൈംഗിക ചൂഷണം നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, വിചാരണ ജ‍ഡ്ജി ഇരയെ നേരിട്ട് കണ്ടെന്നും അത് മതി തെളിവായി എന്നുമുള്ള വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ  കെ വിനോദ് ചന്ദ്രനും, സി  ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. കുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് ലൈംഗിക ചൂഷണം സ്ഥിരീകരിക്കുന്നില്ല. മാത്രമല്ല മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനാൽ പ്രതിയെ കുറ്റമുക്തനാക്കുകയാണെന്നും കോടതി വ്യക്തമാക്കി. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്ന് പറഞ്ഞ കോടതി ഇത്തരം കേസുകളിൽ വ്യാജ പരാതികൾ ഉണ്ടാക്കുന്നതിലെ ആശങ്കയും അറിയിച്ചു. രക്ഷിതാക്കൾക്കെതിരായ വ്യാജ പരാതികളിൽ കുറ്റക്കാരനല്ലെന്ന് അച്ഛൻ തെളിയിച്ചാലും അദ്ദഹത്തിന്‍റെ ജീവതം തകർന്ന് പോകുമെന്ന് കോടതി ചൂണ്ടികാട്ടി. നേരത്തെ തിരുവനന്തപുരത്ത് അമ്മയ്ക്കെതിരായ മകന്‍റെ ലൈംഗിക ചൂഷണ പരാതി കോടതി ഇടപെടലിലൂടെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

 

click me!