പേര് കണ്‍കോ‍ഡിയാ ഓപ്പണ്‍ സർവ്വകലാശാല; ആസ്ഥാനം തിരുവനന്തപുരം മണ്ണാമൂല, ഒരു വ്യാജ പിഎച്ച്ഡിയുടെ കഥ

By Web TeamFirst Published Jul 26, 2021, 9:03 AM IST
Highlights

കണ്‍കോ‍ഡിയാ ഓപ്പണ്‍ സർവ്വകലാശാലയുടെ പിഎച്ച്ഡിയുമായി  നിൽക്കുന്ന നിരവധി പേരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങുന്നത്. ഈ സർവ്വകലാശാലക്ക് ഒരു വെബ്സൈറ്റ് പോലും ഇല്ല. 

തിരുവനന്തപുരം: പണം നൽകിയാൽ ആഴ്ചകൾക്കുള്ളിൽ ആർക്കും ഡോക്ടേറ്റ് നൽകി തലസ്ഥാനത്തെ കണ്‍കോ‍ഡിയാ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ തട്ടിപ്പ്. അമേരിക്കയിലെ പ്രശസ്തമായ കണ്‍കോ‍ഡിയാ സർവ്വകലാശാലയുടെ പേര് മറയാക്കിയാണ് തിരുവനന്തപുരത്തെ കണ്‍കോ‍ഡിയാ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ തട്ടിപ്പ്. പണം നൽകിയാൽ ഇഷ്ടമുള്ള വിഷയത്തിൽ ഡോക്ടറേറ്റ് നൽകാമെന്നാണ് സ്വയം പ്രഖ്യാപിത സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വാഗ്ദാനം.

കണ്‍കോ‍ഡിയാ ഓപ്പണ്‍ സർവ്വകലാശാലയുടെ പിഎച്ച്ഡിയുമായി  നിൽക്കുന്ന നിരവധി പേരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങുന്നത്. ഈ സർവ്വകലാശാലക്ക് ഒരു വെബ്സൈറ്റ് പോലും ഇല്ല. ഒടുവിൽ തേടി പിടിച്ച് സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ മണിലാലിന്‍റെ അടുക്കലെത്തി. റവ.ഡോ.റോബിൻസണ്‍ ഡേവിഡാണ് സർവ്വകലാശാലയുടെ ചാൻസലർ. ലുഥറൻ സഭയുടെ കേരള സിനഡ് ആർച്ച് ബിഷപ്പ് എന്നാണ് സ്വയം വിശേഷണം. 

പിഎച്ച്ഡി സർട്ടിഫിക്കറ്റിലും, ചടങ്ങുകളുടെ നോട്ടീസുകളിലും എല്ലാം അമേരിക്കയിലെ കണ്‍കോ‍ഡിയാ യൂണിവേഴ്സിറ്റി സിസ്റ്റവുമായി ബന്ധമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ന്യൂയോർക്കിലെ ഞങ്ങളുടെ പ്രതിനിധി കൃഷ്ണ കിഷോറിന്‍റെ അന്വേഷണത്തിൽ ഇത് തട്ടിപ്പെന്ന് തെളിഞ്ഞു. കേരളത്തിൽ ലുഥറൻ സഭയുടെ ട്രസ്റ്റിന് കീഴിൽ കണ്‍കോ‍ഡിയ എന്ന പേരിൽ നിരവധി സ്കൂളുകളും സ്ഥാപനങ്ങളുമുണ്ട്. ഈ അംഗീകാരവും സൽപ്പേരും കൂടി മറയാക്കിയാണ് തട്ടിപ്പ്. അധികാര തർക്കത്തിൽ ലുഥറൻ സഭ ഇപ്പോൾ കോടതി നിയോഗിച്ച അഡ്മിനിട്രേറ്ററുടെ നിയന്ത്രണത്തിലാണ്. സഭക്ക് കേരളത്തിൽ സർവ്വകലാശാല ഇല്ലെന്ന് അഡ്മിനിട്രേറ്ററായ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഹരിപരന്ഥാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി വരെ വ്യാജ സർവകലാശാലയുടെ വേദിയിലെത്തി. സർവ്വ കലാശാലയുടെ വിശ്വാസ്യത കൂട്ടാൻ ചടങ്ങുകളിൽ പ്രശസ്തരെ  ഇങ്ങോട്ട് വിളിച്ച് ആദരിക്കലാണ് മറ്റൊരു തട്ടിപ്പ്. ഡോക്ടറേറ്റ് കൊടുക്കുന്നവർ മാത്രമല്ല വാങ്ങുന്നവരും തട്ടിപ്പിന്‍റെ പരിധിയിൽ പെടും. ഇപ്പോഴും തട്ടിപ്പ് ഡോക്ടറേറ്റ് പേരിനൊപ്പം ചേർത്ത് വിലസുന്ന പ്രമുഖർ കേരളത്തിലുണ്ട്. ഇവരുടെയൊക്കെ മുഖങ്ങൾ തന്നെയാണ് തട്ടിപ്പുകാരുടെ പരസ്യവും.
 

click me!