
പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. മൂന്നംഗ ഫോറൻസിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്മോർട്ടം നടത്തുക. ഏറെ നാടകീയതകൾക്ക് ഒടുവിലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്ക്കരിക്കാൻ കുടുംബം തീരുമാനമെടുത്തത്.
മത്തായി മരിച്ച് നാൽപ്പതാം ദിവസമാണ് സംസ്ക്കാരം. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടിൽ അയവ് വരുത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യ പ്രകാരം വെള്ളിയാഴ്ച വീണ്ടും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് പോസ്റ്റ്മോർട്ടം നടക്കുക.
പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ഡോക്ടറുമാരെ നിർദേശിച്ചതും സിബിഐയാണ്. പോസ്റ്റ്മോർട്ടം നടപടികൾ ക്യാമറയിൽ ചിത്രീകരിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. സിബിഐയാണ് റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് അയച്ചത്.
മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണം റീ പോസ്റ്റുമോർട്ടം ചെയ്ത അതേ ഡോക്ടർമാരുടെ സംഘമാണ് സിബിഐയുടെ പ്രത്യേക അഭ്യർഥർന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്.
മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോർട്ട് പ്രകാരം മരണകാരണം ശ്വസകോശത്തിൽ വെള്ളം കയറിയാതാണ്. ശരീരത്തിൽ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുൻപ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയിൽ ചേർത്തിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam