
ദില്ലി: കർഷക സംഘടനകളുടെ രണ്ടാം ഘട്ട ദില്ലി ചലോ മാർച്ച് തുടങ്ങി. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകർ രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് തിരിച്ചു. ഹരിയാന അതിർത്തി വരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച്. രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ് ഡി എം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഹരിയാന പൊലീസിനെ കൂടാതെ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. മാർച്ച് തടയാൻ റോഡിൽ ഭീമൻ കോൺക്രീറ്റ് ഭീമുകളും തയ്യാറാക്കിയിരിക്കുകയാണ്.
അതേസമയം, കർഷകസമരം തീർക്കാൻ നാളെ ചർച്ചയാവാമെന്ന് കേന്ദ്രകൃഷിമന്ത്രി വീണ്ടും സൂചന നല്കി . ബില്ലുകൾ പിൻവലിക്കുന്ന കാര്യം ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സിംഗുവിലെ സമരപന്തൽ രാവിലെ തന്നെ സജീവമാണ്. പഞ്ചാബിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെ കൂടുതൽ കർഷകർ അതിർത്തിയിലെത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്ര ചൗട്ടാല ഇന്നലെ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചകളിൽ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിർദ്ദേശം ചർച്ച ചെയ്തു എന്നാണ് സൂചന. സമരം നാല്പത്തിയെട്ടു മണിക്കൂറിൽ തീരും എന്ന് ദുഷ്യന്ത് ചൗട്ടാല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നാളെ കർഷകസംഘടനകളുമായി വീണ്ടും ചർച്ചയാവാം എന്ന സൂചന കൃഷിമന്ത്രി നല്കി. സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യം സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ആദ്യ ചർച്ച ബില്ലുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാകണം എന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നില്ക്കുകയാണ്.
ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. നാളെ സിംഗുവിൽ കർഷക നേതാക്കൾ നിരാഹാരമിരിക്കും. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതൽ കർഷകർ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam