
തിരുവനന്തപുരം: കൊവിഡ് വാക്സിൻ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടും മുമ്പാണ് കേരളത്തിലെ വിതരണം സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം. ഫൈസർ വാക്സിനടക്കം ഒരു വാക്സിനും ഇന്ത്യ ഇതുവരെ അനുമതി നൽകിയിട്ടില്ല. പക്ഷെ രാജ്യവും കേരളമടക്കമുള്ള സംസ്ഥാനങ്ങളും വാക്സിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്സിൻ വിതരണത്തിനുള്ള കേരളത്തിൻറെ പ്രധാന വെല്ലുവിളി.
ലോകത്ത് വിതരണമാരംഭിച്ച ഫൈസർ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയിൽ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്നം. വാക്സിൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തിൽ നിലവിലുള്ള സംവിധാനങ്ങൾ മതിയാകില്ല. ഫൈസർ വാക്സിൻ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്നറുകൾ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും. പരമാവധി മൈനസ് മുപ്പത് ഡിഗ്രി വരെയുള്ള ഡീപ് ഫ്രീസറുകളാണ് കേരളത്തിലുള്ളത്.
ഓക്സ്ഫർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊ-വാക്സ് എന്നിവയിലാണ് കേരളത്തിന്‍റെ കൂടുതൽ പ്രതീക്ഷ. ഇവ വിതരണം ചെയ്യാൻ നിലവിലെ സംവിധാനങ്ങൾ മതിയാകും. 1250 ശീതികരണ സംഭരണ യൂണിറ്റുകൾ കേരളത്തിനുണ്ട്. ഐസ് ലൈൻഡ് റെഫ്രിജറേറ്റുകളും ഡീപ് ഫ്രീസറുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സജ്ജമാണ്. സിറിഞ്ചുകളടക്കമുള്ളവ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി ലഭ്യമാക്കും.
വാക്സിൻ വിതരണത്തിനായി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി, ദൗത്യസേന എന്നിവ ഉണ്ടാക്കി. തെരഞ്ഞെടുപ്പിന് ശേഷം താഴേത്തട്ടിലുള്ള രൂപീകരണവും നടക്കും. ഫെബ്രുവരിയെങ്കിലുമാകും വാക്സിൻ കേരളത്തിൽ വിതരണത്തിനെത്താൻ എന്നാണ് നിലവിലെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ട ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ എന്നിവരുടെ വിവര ശേഖരണം നടക്കുകയാണ്. കോവിൻ എന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നതാണ് നിലവിൽ നടക്കുന്ന പ്രവർത്തനം. പരീക്ഷണഘട്ടം പിന്നിട്ട് വാക്സിനുകളുടെ ഉപയോഗത്തിനുള്ള കേന്ദ്ര അനുമതിയാണ് ഏറ്റവും നിർണായകം. അതായത് വാക്സിൻ വിതരണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുമ്പോഴും വാക്സിൻ എപ്പോൾ എത്തുമെന്ന് യാതൊരു ഉറപ്പുമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam