
കോട്ടയം : കോട്ടയം വൈക്കത്ത് അച്ഛനെയും ഭിന്നശേഷിക്കാരിയായ മകളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിമുക്തഭടനായ അച്ഛൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് അനുമാനം. ഭിന്നശേഷിക്കാരിയായ മകളുടെ മരണ കാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം കഴിയണമെന്ന് പൊലീസ് അറിയിച്ചു.
വൈക്കം അയ്യരുകുളങ്ങര സ്വദേശിയായ എഴുപത്തിരണ്ടു വയസുകാരൻ ജോർജ് ജോസഫും മുപ്പതു വയസുകാരിയായ മകൾ ജിൻസിയുമാണ് മരിച്ചത്. ജിൻസിയെ വീട്ടിലെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടത്. വീടിനു പുറത്തെ കുളിമുറിയുടെ ഉത്തരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ജോർജിന്റെ മൃതദേഹം. സ്വകാര്യ ആശുപത്രിയിൽ നഴ്സായ ജോർജിന്റെ മൂത്ത മകൾ ലിൻസി ഫോൺ വിളിച്ചപ്പോൾ ജോർജിനെ കിട്ടിയില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. അവരെത്തി നോക്കിയപ്പോഴാണ് രണ്ടാളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലിൻസിയുടെ മക്കൾ വീടിന്റെ മുകൾ നിലയിൽ ഉറങ്ങുകയായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് അവർക്കും അറിയില്ല.
ഭാര്യയുടെ മരണ ശേഷം ഭിന്നശേഷിക്കാരിയായ ഇളയ മകൾ ജിൻസിയെ ജോർജാണ് വർഷങ്ങളായി പരിചരിച്ചിരുന്നത്. മകളുമായി ഹൃദ്യമായ ബന്ധമായിരുന്നു ജോർജിനെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പനി ബാധിച്ച ജിൻസി മരുന്നു കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ രോഗം മൂർഛിച്ച് ജിൻസി മരിച്ചതാണെന്ന സംശയം പൊലീസിനുണ്ട്. ജിൻസി മരിച്ചെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ മനോവിഷമം താങ്ങാതെ ജോർജ് സ്വയം ജീവനൊടുക്കിയതാകാമെന്നതാണ് പൊലീസിന്റെ ഒരു സംശയം. തന്റെ കാലശേഷം മകളെ ആരു പരിചരിക്കുമെന്ന സങ്കടത്തിൽ മകളെ അപായപ്പെടുത്തിയ ശേഷം ജോർജ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്ന് വൈക്കം പൊലീസ് അറിയിച്ചു.
READ MORE മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam