Asianet News MalayalamAsianet News Malayalam

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി

കഴിഞ്ഞ 19 ന് രാത്രിയാണ് അജയകുമാർ ആത്മഹത്യ ചെയ്തത്. മദ്യപ സംഘത്തി്നരെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന്  കുടുംബം പരാതിപ്പെട്ടു. 

father commits suicide after beaten by a drunk gang who were misbehaves with his daughter
Author
First Published Jan 21, 2023, 4:26 PM IST

കൊല്ലം : മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛൻ ജീവനൊടുക്കി.  ആയൂർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ പതിനെട്ടാം തിയ്യതി ട്യൂഷൻ കഴിഞ്ഞ്  മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാർ, സംഘത്തിന്റെ പ്രവർത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. പിറ്റേന്ന് രാത്രിയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.

പ്രദേശത്ത് സ്ഥലം വീങ്ങി വീടുവെച്ച് കഴിയുകയായിരുന്നു അജയകുമാറി്നറെ കുടുംബം. മർദ്ദനമേറ്റതിന് ശേഷം അജയകുമാർ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ശരീരത്തിലാകെ പരിക്കേറ്റ നിലയിലാണ് അന്ന് അജയകുമാർ വീട്ടിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ല. പിറ്റേദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം  രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആരൊക്കെയാണ് അജയകുമാറിനെ മർദ്ദിച്ചതെന്നതിൽ വ്യക്തതയില്ല. 

അജയകുമാറിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് ചടയംമംഗലം പൊലീസ് പറയുന്നത്. ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടന്ന് വരികയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

read more വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു, പ്രതിയെ അറസ്റ്റ് ചെയ്തു

 

Follow Us:
Download App:
  • android
  • ios