
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് അനീഷ് ജോർജിന്റെ പിതാവ്. എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനീഷിന്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അനീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിൻ്റെ മരണത്തിന് കാരണമെന്നും അന്വേഷിച്ചുവരികയാണ്.