താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ: പിന്തുണച്ച് ഫെഫ്ക, അമ്മയുടെ തീരുമാനം നിർണായകം

By Web TeamFirst Published Jun 6, 2020, 3:05 PM IST
Highlights

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സംഘടനകള്‍ക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കത്ത് നല്‍കും

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെയും  സാങ്കേതികപ്രവർത്തകരുടെയും  പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി ഫെഫ്ക. നിർമാതാക്കളുടെ സംഘടന മുന്നോട്ടുവച്ച ആവശ്യം ഇന്ന് ചേർന്ന ഫെഫ്ക നിർവാഹകസമിതി യോഗം ചർച്ച ചെയ്തു. നിർമാതാക്കളുടെ കത്ത് കിട്ടിയ ശേഷം വിശദമായി ചർച്ച ചെയ്യുമെന്നും ഫെഫ്ക  ജനറൽസെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ ഉള്‍പ്പെടെയുള്ള ചലച്ചിത്ര സംഘടനകള്‍ക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കത്ത് നല്‍കും. അതേസമയം പ്രതിഫല കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാണ ചെലവിന്‍റെ 60 ശതമാനവും അഭിനേതാക്കള്‍ക്കാണ് നല്‍കേണ്ടി വരുന്നതെന്നും അസോസിയേഷൻ പറയുന്നു.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് 5 മുതല്‍ 10 കോടി വരെയാണ് പ്രതിഫലം. മറ്റ് പ്രധാന നായക നടൻമാര്‍ക്ക് ഒരു കോടിക്ക് മുകളിലും. സിനിമയില്‍ നായകനൊപ്പം നില്‍ക്കുന്ന 10ലേറെ വരുന്ന പ്രധാന സഹതാരങ്ങള്‍ മിക്കവരും 50 ലക്ഷത്തിന് മുകളിലും പ്രതിഫലം വാങ്ങുന്നു. അങ്ങനെ ഒരു സിനിമയുടെ നിര്‍മ്മാണചെലവിന്‍റെ 60 ശതമാനവും പോകുന്നത് അഭിനേതാക്കള്‍ക്കാണ്. 

സംവിധായകൻ, ക്യാമറാമെൻ, എഡിറ്റര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്കായി 10 ശതമാനം തുക ചിലവാകും. കോടികളെറിഞ്ഞ് കോടികള്‍ വാരുന്ന സിനിമാലോകത്ത് ഈ തുകയെല്ലാം നല്‍കാൻ ഇത്രയും കാലം നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നു. മുടക്കുമുതലിന്‍റെ പകുതി കേരളത്തിലെ തീയേറ്റര്‍ റിലീസില്‍നിന്നും ശേഷിക്കുന്നവ വിദേശ റിലീസ് വഴിയും സാറ്റലൈറ്റ് റൈറ്റ് വഴിയും കിട്ടുമായിരുന്നു. 

എന്നാല്‍ കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിര്‍മ്മാതാക്കളെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. തീയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല. തുറന്നാലും കൊവിഡ് ഭീതിയില്‍ എത്രത്തോളം ആളുകളെത്തുമെന്നതും സംശയമാണ്. ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് തുകയില്‍ കുറവ് വരും. വിദേശത്തെയും ഇതര സംസ്ഥാനങ്ങളിലേയും തീയേറ്റര്‍ റിലീസ് വില്‍ക്കുന്നതിലൂടെയുള്ള വരുമാനവും കുറയും. 

ഈ സാഹചര്യത്തിലാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നത്. പ്രധാന താരങ്ങള്‍ ചുരുങ്ങിയത് 25 ശതമാനവും സഹതാരങ്ങള്‍ 40 ശതമാനം വരെയെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന ആഗ്രഹമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പങ്കുവയ്ക്കുന്നത്.

സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ പിന്തുണയും ഇപ്പോൾ നിർമ്മാതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. താരസംഘടന അമ്മയുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പ്രതീക്ഷ.

click me!