
കൊച്ചി:എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാൽ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.
ഹെഡ് ഫോണോ മറ്റോ താഴെ വീണപ്പോള്‍ കൈവരിയിൽ കയറി അത് എടുക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ തെറ്റി വീണതാണെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടി കൈവരിയിൽ ഇരുന്നപ്പോള്‍ ബാലന്‍സ് തെറ്റി വീണതോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തയില്ല. എന്തായാലും അപകടമരണമാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. കൈവരികള്‍ക്ക് പുറത്തായി ജിപ്സം ബോര്‍ഡ് കൊണ്ടു മറച്ച സ്ഥലത്തേക്ക് വീണ കുട്ടി ഇതും തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam