ക്യാമറ കാണുമ്പോഴും കസേരയ്ക്കും ഉന്തും തള്ളും വേണ്ട! സോഷ്യൽ മീഡിയയിൽ ട്രോൾ, ഒടുവിൽ കോൺ​ഗ്രസിൽ ആ മാറ്റം വരുന്നു

Published : Apr 18, 2025, 08:41 AM IST
ക്യാമറ കാണുമ്പോഴും കസേരയ്ക്കും ഉന്തും തള്ളും വേണ്ട! സോഷ്യൽ മീഡിയയിൽ ട്രോൾ, ഒടുവിൽ കോൺ​ഗ്രസിൽ ആ മാറ്റം വരുന്നു

Synopsis

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. പാർട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം വരുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. പാര്‍ട്ടി യോഗങ്ങളിലും പൊതു പരിപാടികളിലും പാലിക്കേണ്ട മാര്‍ഗരേഖ കെപിസിസി ഉടന്‍ പുറത്തിറക്കും. പെരുമാറ്റച്ചട്ടം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

ദൃശ്യമാധ്യമങ്ങളിലും വാര്‍ത്താചിത്രങ്ങളിലും ഇടംപിടിക്കാനുള്ള ബലംപിടുത്തം കോൺ​ഗ്രസിനാകെ നാണക്കേട് ഉണ്ടാക്കിയിരുന്നു.  പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കൈകൊണ്ടത് കഴിഞ്ഞ കെപിസിസി യോഗത്തിലാണ്. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ വരെ അപമാനിതരായ സംഭവം യോഗത്തില്‍ ഉന്നയിച്ചത് ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ്. 

കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് ചര്‍ച്ചയാക്കി. തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന കെപിസിസി അധ്യക്ഷൻ ഉറപ്പ് നൽകിയത്. കോഴിക്കോട് മുമ്പ് നടന്ന ചിന്തന്‍ ശിബിരത്തില്‍ സ്റ്റേജില്‍ ഇരിക്കേണ്ട നേതാക്കളുടെ എണ്ണം സംബന്ധിച്ച് വരെ അന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞ നേതാക്കള്‍ വരെ ഭാരവാഹികളേക്കാള്‍ പ്രാധാന്യത്തോടെ ഇടിച്ചുനില്‍ക്കുന്നതാണ് പതിവ്. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ അതിന്‍റെ പിന്നില്‍ തമ്പടിച്ചുനിന്ന് ക്യാമറയില്‍ മുഖം കാണിക്കുന്ന രീതി കൂടിവരുന്നു. 

വേദിയില്‍ നേതാക്കളുടെ കസേരകളിക്കും കുറവില്ല. മാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഫ്രെയിമില്‍ തലയിടാനുള്ള ഉന്തും തള്ളും വേറെ. നേതാക്കളെന്നോ പ്രവര്‍ത്തകരെന്നോ ഇല്ലാതെ പാര്‍ട്ടിക്ക് നാണക്കേട് വരുത്തുന്ന ഇത്തരം രീതികള്‍ക്ക് തടയിടാന്‍ സമ്പൂര്‍ണ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു. പാര്‍ട്ടിയെ സെമി കേഡറാക്കുമെന്ന് കെപിസിസി അധ്യക്ഷനായി നിയമിതനായപ്പോള്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചതാണ്. ക്വാര്‍ട്ടര്‍ കേഡര്‍ പോലും ആയിട്ടില്ലെന്ന വിമര്‍ശനം നില്‍ക്കുമ്പോഴാണ് വീണ്ടുമൊരു പെരുമാറ്റച്ചട്ടം വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ'
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു