
തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തിയതികള്‍ കുറിച്ചുവെച്ചോളൂ.
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച് 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച് മാർച്ച് 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല. ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.
കേരളത്തില്‍ 20 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ഡിഎഫ് ഇക്കുറി തിരിച്ചുവരവ് സ്വപ്നം കാണുമ്പോള്‍ യുഡിഎഫ് ക്യാംപ് വിജയം തുടരാമെന്ന പ്രതീക്ഷയിലാണ്. ദേശീയ പാർട്ടി പദവി നിലനിർത്താന്‍ കേരളത്തിലെ വിജയം സിപിഎമ്മിന് നിർണായകമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പടെ ദേശീയ ശ്രദ്ധയിലുള്ള മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്ഥാനത്ത് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ഇതിനകം സംസ്ഥാനത്ത് ചൂടുപിടിച്ചുകഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം