Asianet News MalayalamAsianet News Malayalam

ചൂടേറുന്നു, തെരഞ്ഞെടുപ്പിനിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കണ്ടാ; ജാഗ്രതാ നിർദേശവുമായി ഇലക്ഷന്‍ കമ്മീഷന്‍

രാജ്യത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന കാലയളവിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാലാണ് നിർദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്

Lok Sabha Elections 2024 these dos and donts note to minimize of heat wave impact
Author
First Published Mar 27, 2024, 11:11 AM IST

ദില്ലി: രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഉഷ്ണ തരംഗ ആഘാതം കുറയ്ക്കാന്‍ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പാലിക്കേണ്ട നിർദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഏപ്രില്‍ മാസത്തില്‍ ഉഷ്ണ തരംഗം രാജ്യത്തുണ്ടാവാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്കും എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്കുമായി പുറപ്പെടുവിച്ചിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാനുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ എല്ലാ ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്കും കൈമാറി. പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളവും ടോയ്‍ലറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ പ്രത്യേക നിർദേശമുണ്ട്.

ഏപ്രില്‍- ജൂണ്‍ മാസങ്ങളിലായാണ് പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജൂണ്‍ നാലാം തിയതിയാണ്. രാജ്യത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന കാലയളവിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാലാണ് നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നല്‍കിയിട്ടുണ്ട്. വോട്ടർമാർക്ക് മതിയായ കുടിവെള്ള സൗകര്യവും ടോയ്‍ലറ്റ് സൗകര്യങ്ങളും ബൂത്തുകളില്‍ വേണമെന്ന് കർശന നിർദേശമുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യാന്‍ എളുപ്പത്തിന് ഏറ്റവും താഴത്തെ നിലയില്‍ മാത്രം പോളിംഗ് സ്റ്റേഷന്‍ ഒരുക്കിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.

Read more: 2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം    

ഇവ ശ്രദ്ധിക്കുക

ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുത്.

ആവശ്യത്തിന് വെള്ളം കുടിക്കുക.

ഭാരം കുറഞ്ഞതും അയഞ്ഞതും ഇളം നിറങ്ങളുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. 

ചൂടിനെ പ്രതിരോധിക്കാന്‍ കണ്ണട, തൊപ്പി, ഷൂ, ചെരുപ്പുകള്‍ ധരിക്കുകയും കുട കരുതുകയും ചെയ്യുക. നേരിട്ട് വെയിലേല്‍ക്കാതെ മുഖവും കഴുത്തും മൂടുക. 

യാത്ര ചെയ്യുമ്പോള്‍ ജലം കയ്യില്‍ കരുതുക.

ഡീഹൈഡ്രേഷന് കാരണമാകുന്ന മദ്യം, ചായ, കോഫി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക.

ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്താതിരിക്കുക.  

ക്ഷീണമോ മറ്റെന്തെങ്കിലും രോഗലക്ഷണമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം തേടുക. 

ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, മോരുംവെള്ളം തുടങ്ങിയവ കുടിക്കുക. 

മൃഗങ്ങള്‍ക്ക് തണലൊരുക്കുകയും കുടിക്കാനാവശ്യത്തിന് വെള്ളം നല്‍കുകയും ചെയ്യുക. 

വീടുകളില്‍ ചൂട് ഒഴിവാക്കാന്‍ കർട്ടനുകള്‍, സണ്‍ഷെയ്ഡുകള്‍ ഉപയോഗിക്കുക. അപകടമല്ലാത്ത തരത്തില്‍ ജനലുകള്‍ തുറന്നിടുക

ഫാനുകള്‍ ഉപയോഗിക്കുകയും തണുത്ത വെള്ളത്തില്‍ കുളിക്കുകയും ചെയ്യുക. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios