
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡിജറ്റിൽ സര്‍വേ നിലയ്ക്കുന്നു. കരാറുകാരെ നാളെ മുതൽ വെട്ടിക്കുറയ്ക്കാനും വകുപ്പിലെ ജീവനക്കാരെ വെച്ച് സര്‍വേ തുടരാനും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഡിജിറ്റൽ സര്‍വേ നിര്‍ത്തില്ലെന്നും ഫണ്ട് പ്രശ്നം പരിഹരിക്കുമെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാര്‍ പറഞ്ഞു.
കേരളം അളന്ന് തീര്‍ക്കാൻ ഇനിയും സമയമെടുക്കും. പണമില്ലായ്മയാണ് 2022 ൽ തുടങ്ങിയ ഡിജിറ്റിൽ സര്‍വേയ്ക്ക് തടസ്സമായത്. സര്‍വേ വേഗത്തിലാക്കാൻ നിയമിച്ച 3500 ഓളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് നാല് മാസമായി ശമ്പളമില്ല. ഇതോടെ അത്യാവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തി ബാക്കി കരാറുകാരെ വെട്ടിക്കുറയ്ക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നാളെ മുതൽ ഇത് നടപ്പാക്കും. വാഹനങ്ങളും ക്യാമ്പ് ഓഫീസുകള്‍ക്കും ഇത് ബാധകമാക്കും. 100 ദിന കര്‍മപദ്ധതി തീരുന്ന ഒക്ടോബര്‍ 9 വരെ മാത്രമേ ബാക്കിയുള്ള കരാറുകാരെയും നിലനിര്‍ത്തു. ഡിജിറ്റൽ സര്‍വേയിൽ ഇനി താല്‍ക്കാലിക്കാര്‍ വേണോയെന്നതിൽ തീരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടുന്നതിനെ ആശ്രയിച്ചിരിക്കും. വകുപ്പിലെ സര്‍വേയര്‍മാരെ ഉപയോഗിച്ച് സര്‍വേ തുടരാനാണ് നിര്‍ദ്ദേശം.
സര്‍വേ നിര്‍ത്തില്ലെന്ന് സര്‍വേ വകുപ്പ് പറയുമ്പോഴും കരാറുകാര്‍ പോകുന്നതോടെ ഇത് നിലയ്ക്കുമെന്നാണ് വിമര്‍ശനം. എന്നാൽ 100 ദിന കര്‍മ പരിപാടിയിൽ തീര്‍പ്പാൻ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 45,000 റീസര്‍വേ പരാതികളിൽ 60 ശതമാനം സര്‍വേ വകുപ്പ് ജീവനക്കാരാണ് പൂര്‍ത്തിയാക്കിയതെന്ന് സര്‍വേ ഡയറക്ടര്‍ പറയുന്നു. ഒരു മാസത്തിനിടെ 20 വില്ലേജുകളിലൂടെ ഡിജിറ്റൽ സര്‍വേ പൂര്‍ത്തിയാക്കിയെന്നും ഡോ. ജെ ഒ അരുണ്‍ പറഞ്ഞു. ഇതനുസരിച്ച് 248 വില്ലേജുകളിൽ റീസര്‍വേ നടപടികള്‍ കഴിഞ്ഞു. ഡിജിറ്റൽ സര്‍വേ നടത്തേണ്ട 1550 വില്ലേജുകളിൽ 839 ഇടത്താണ് സര്‍വേ തുടങ്ങിയത്. 711 വില്ലേജുകളിൽ ഇനിയും തുടങ്ങിയിട്ടില്ല. 858 കോടി ചെലവ് കണക്കാക്കിയ പദ്ധതിയിൽ ഇതുവരെ സര്‍വേ പൂര്‍ത്തിയാക്കിയത് 10.42 ലക്ഷം ഹെക്ടര്‍ ഭൂമിയിൽ. കണ്ണായ സ്ഥലത്ത് പുറമ്പോക്ക് അടക്കം കണ്ടെത്തി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫണ്ടിൽ തട്ടി ഡിജിറ്റൽ സര്‍വേ നിലയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam