
ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാദമായ കത്ത് പുറത്ത് വന്നത്.
പാർട്ടിയെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ചല്ല താൻ പരാതി നൽകിയതെന്ന് സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട പരാതിക്കാരൻ വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദൻ്റെ മകനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് ആരോപിച്ചിരുന്നു. എംബി രാജേഷ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ തുടങ്ങി സിപിഎമ്മിൻ്റെ മുൻനിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും 2016ന് ശേഷം യുകെയിൽ വലിയ വളർച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും ഇയാൾ പറഞ്ഞിരുന്നു.
'താൻ 2021 ലാണ് കോടിയേരി ബാലകൃഷ്ണന് രാജേഷ് കൃഷ്ണയെ കുറിച്ച് പരാതി നൽകിയത്. ആ കത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷ് കൃഷ്‌ണയെ മാറ്റിനിർത്തി. എന്നാൽ എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ രാജേഷ് കൃഷ്‌ണ പൂർവാധികം ശക്തിയോടെ തിരികെ വന്നു. എംവി ഗോവിന്ദൻ ലണ്ടനിൽ പോയപ്പോൾ രാജേഷ് കൃഷ്ണയുടെ വീട് സന്ദർശിച്ചു. അവിടെ വച്ച് പുസ്തക പ്രകാശന പരിപാടിയിൽ ഭാഗമായി. അത് കണ്ട് താൻ ഗോവിന്ദൻ മാഷെ വിളിച്ച് സംസാരിച്ചു. തൻ്റെ കഥകളെല്ലാം കേട്ടിട്ടും മാഷിൻ്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. താനും പിന്നീട് തൻ്റെ തിരക്കിലേക്ക് മടങ്ങി. ഇതിനിടയിലാണ് പാർട്ടി സമ്മേളന പ്രതിനിധിയായി രാജേഷ് കൃഷ്ണ വരുന്ന വിവരം അവിടെ നിന്ന് ഇയാൾ കാരണം ബുദ്ധിമുട്ടിലായ ചിലർ തന്നെ വിളിച്ച് പറഞ്ഞത്. അതിന്റെ ഭാഗമായി താൻ ഇടപെട്ടു.'
'തമിഴ്‌നാട്ടിലെ ബന്ധങ്ങൾ വെച്ച് ധവാളെ സഖാവിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന് മലയാളം മനസിലാകാത്തത് കൊണ്ട് പരാതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകി. ആ കത്താണ് ഇപ്പോൾ ഹൈക്കോടതിയിൽ മാനനഷ്ട കേസിൻ്റെ ഭാഗമായി സമർപ്പിച്ചിരിക്കുന്നത്. ആ കത്ത് എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് കിട്ടി എന്ന് ചോദിച്ചാണ് താൻ എംവി ഗോവിന്ദൻ മാഷിന് ഇ-മെയിലായി പരാതി നൽകിയത്. അതും ഇപ്പോൾ പുറത്തായി. ഗോവിന്ദൻ മാഷിൻ്റെ മകൻ ശ്യാമാണ് അതിന് പിന്നിലെന്ന് താൻ സംശയിക്കുന്നു'
'ശ്യാമും രാജേഷ് കൃഷ്ണയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ താൻ തൻ്റെ മുൻപരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ആ പ്രശ്നങ്ങൾ പുറത്തുവന്നാൽ ഗോവിന്ദൻ മാഷിന് സെക്രട്ടറി സ്ഥാനത്ത് സമ്മർദ്ദമേറും. തൻ്റെ പരാതികൾ ചോരാൻ കാരണം ശ്യാം മാത്രമാണ്. ശ്യാം ചിലപ്പോൾ നിർബന്ധിതനായതാകാം. രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാകാം.'
'തൻ്റെ കുടുംബത്തിലടക്കം പ്രശ്നങ്ങളുണ്ടായ ഘട്ടത്തിലാണ് താൻ രാജേഷ് കൃഷ്ണയെ കുറിച്ച് അന്വേഷിച്ചത്. 2016 വരെ യുകെയിൽ ബെഡ് സ്പേസ് ഷെയർ ചെയ്ത് താമസിച്ചയാളാണ് രാജേഷ്. എൽഡിഎഫ് അധികാരത്തിൽ വന്ന സമയത്ത് ലോക കേരളസഭയിൽ ഇയാൾ ഭാഗമായി. അതിനുള്ള യോഗ്യത അയാൾക്കുണ്ടായിരുന്നോ എന്ന് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അന്ന് പി ശ്രീരാമകൃഷ്ണൻ മുഖേനയാണ് ലോക കേരള സഭയിൽ എത്തിയത്. കൊല്ലത്തെ കടൽ-കായൽ ശുചീകരണ പദ്ധതിയിൽ ബ്രിട്ടീഷ് പൗരൻ മുഖേന കിങ്ഡം എന്ന പേരിൽ ഒരു കടലാസ് കമ്പനിയുണ്ടാക്കി അതിലൂടെ രാജേഷ് കൃഷ്‌ണ പണമെത്തിച്ചു. അതിൽ മൂന്നിലൊന്ന് ഭാഗം തുക മാത്രമാണ് പദ്ധതിക്ക് വേണ്ടി ചെലവാക്കിയത്. ബാക്കിയെല്ലാം വകമാറ്റി. കിങ്ഡം കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പലവിധത്തിലുള്ള ഇടപാടുകൾ രാജേഷ് കൃഷ്ണ നടത്തിയത്.'
'ഇപ്പോഴത്തെ മന്ത്രിമാർക്ക് ഈ ഇടപാടുകളിൽ പങ്കുണ്ടോയെന്ന് തനിക്ക് പറയാനാവില്ല. എംബി രാജേഷ്, കെഎൻ ബാലഗോപാൽ അടക്കമുള്ളവർ എസ്എഫ്ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ രാജേഷ് കൃഷ്ണയും സംഘടനാ ചുമതലയിലുണ്ടായിരുന്നു. ആ കാലത്തെ ബന്ധമാണ് ഇവർ തമ്മിലുള്ളത്. യുകെയിൽ ഇയാളുടെ കൂടെയുള്ള മലയാളികൾ മുഖേന ലഭിച്ച തെളിവുകൾ തൻ്റെ പക്കലുണ്ട്. അവിടുത്തെ ബാങ്ക് അക്കൗണ്ടിൽ വന്ന കോടികളുടെ ഇടപാടുകളടക്കം പരിശോധനക്ക് വിധേയമാക്കണം. എവിടെ നിന്നാണ് ഈ തുക വരുന്നതെന്ന് അറിയണം.'
'ഗോവിന്ദൻ മാഷിൻ്റെ മകൻ ശ്യാമുമായി വർഷങ്ങളുടെ ബന്ധം രാജേഷ് കൃഷ്ണയ്ക്കുണ്ട്. എന്നാൽ എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയാകുന്നതിന് മുൻപാണ് ശ്യാമും രാജേഷ് കൃഷ്ണയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളത്. അവർ തമ്മിൽ കുടുംബപരമായി തന്നെ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെ വീട് സന്ദർശിക്കുന്നത്,'- എന്നും ഷർഷാദ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam