ദില്ലിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്ത് എത്തി; യാത്രക്കാരെ പരിശോധനയ്ക്ക് ശേഷം നാട്ടിലെത്തിക്കും

By Web TeamFirst Published May 15, 2020, 7:42 AM IST
Highlights

ട്രെയിനില്‍ നിന്നും 20 പേരടങ്ങുന്ന സംഘമായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 15 കൗണ്ടറുകളായി പരിശോധന നടത്തി നാല് ഗേറ്റുകളിലൂടെയാണ് ഇവരെ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്.

തിരുവനന്തപുരം: ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തെത്തി. 400 യാത്രക്കാരുമായി ആണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. കോഴിക്കോടും എറണാകുളത്തും ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നു. കോഴിക്കോട്ടെത്തിയ ആറ് യാത്രക്കാരിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇവരെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ദില്ലിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനെത്തിയത്. അറൂനൂറ് യാത്രക്കരുമായി ട്രെയിനെത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിരം. എന്നാല്‍ നാനൂറ് യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത് എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.  തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ കൊവിഡ് ലക്ഷണം കണ്ടെത്തിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.പത്തനംതിട്ട സ്വദേശിയെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മുംബൈയിൽ നിന്നാണ് ഇയാളെത്തിയത്.

വലിയ സജ്ജീകരണങ്ങളാണ് യാത്രക്കാരുടെ പരിശോധനയ്ക്കായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാഭരണകൂടം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ നിന്നും 20 പേരടങ്ങുന്ന സംഘമായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 15 കൗണ്ടറുകളായി പരിശോധന നടത്തി നാല് ഗേറ്റുകളിലൂടെയാണ് ഇവരെ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. 25 കെഎസ്ആര്‍ടിസി ബസുകളിലായി സാമൂഹിക അകലം പാലിച്ച് ഇവരെ നാട്ടിലെത്തിക്കും.

ദില്ലിയിൽ നിന്നും എത്തിയ പ്രത്യേക ട്രെയിനിൽ 269 യാത്രക്കാരാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മധ്യകേരളത്തിൽ നിന്നുള്ള യാത്രക്കാരും ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് യാത്രക്കാരുമാണ് എറണാകുളത്ത് ഇറങ്ങിയത്. വിവിധ ജില്ലകളിലേക്ക് 10 ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുപോയത്. സ്റ്റേഷനിൽ വന്നിറങ്ങിയ എല്ലാ യാത്രക്കാരേയും കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം റെയിൽവേ സ്റ്റേഷൻ അണുനശീകരണം നടത്തി.

Read More: ദില്ലിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട്ട് എത്തി; യാത്രക്കാര്‍ക്ക് പരിശോധന, സജ്ജം  

വാര്‍ത്തകള്‍ തത്സമയം കാണാം

click me!