
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ (SDPI)നേതാവ് ഷാൻ കൊലക്കേസിൽ (Alappuzha Shan Murder Case) കൊലയാളി സംഘത്തിലെ അഞ്ച് പേർ പൊലീസ് പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. ഈ അഞ്ചുപേരാണ് കൃത്യം നിർവഹിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആർഎസ് എസ് പ്രവർത്തകരാണ് പിടിയിലായ എല്ലാവരും. ഷാൻ കൊലക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികൾ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്. കാറിലെത്തി കൃത്യം നടത്തിയ സംഘം ആംബുലൻസിലാണ് രക്ഷപ്പെട്ടത്. ഇവർ ചേർത്തല ഭാഗത്തേക്കാണ് പോയതെന്ന് നേരത്തെ പിടിയിലായ ആംബലൻസ് ഒരുക്കി നൽകിയ അഖിൽ മൊഴി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു പരിശോധന. അരൂരിൽ വെച്ചാണ് പ്രതികളിൽ മൂന്ന് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ കൈനകരിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്.
ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോവുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam