സർക്കാർ ഭൂമി കൈയ്യേറി ലൈഫ് പദ്ധതി വഴി വീട് വച്ചു കൊടുക്കാൻ ഒത്താശ: ഇടുക്കിയിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Jun 12, 2020, 9:30 AM IST
Highlights

അനധികൃതമായി സർക്കാർ ഭൂമി കൈയ്യേറാനും അതേ ഭൂമിയിൽ ഭവനനിർമ്മാണ പദ്ധതിയായ ലൈഫ് വഴി വീട് വച്ചു നൽകാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 

മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി  കൈയ്യേറാന്‍ ഒത്താശ നല്‍കിയ അഞ്ച്  ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി. വ്യാജ രേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ കൂട്ടുനിന്നതിനാണ് നടപടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിന്‍റെ ( കെ.ഡി.എച്ച് വില്ലേജ് )  പരിതിയില്‍ വരുന്ന ഭൂമിയ്ക്ക്  വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് കൈയ്യേറ്റം നടത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. 

ഭവന പദ്ധതികളുടെ മറവിലാണ് ഭൂമിയുടെ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ദേവികുളം തഹസില്‍ദാര്‍ ജിജി. എം കുന്നപ്പിള്ളിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ സനില്‍ കുമാര്‍ റ്റി, കണ്ണന്‍ദേവന്‍ വില്ലേജിലെ സെക്ട്രല്‍ ഓഫീസര്‍ പ്രീത പി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ആര്‍ സ്റ്റീഫന്‍ എന്നിവര്‍ക്കും കുമാര മംഗലം വില്ലേജ് ഓഫീസര്‍ ഇ പി ജോര്‍ജ്, കളക്ട്രേറ്റിലെ ഓഫീസ് അസിസ്റ്റന്‍റ് ഗോപകുമാര്‍ ആര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. 

മുമ്പ് ദേവികുളത്ത് ജോലി ചെയ്തിരുന്നവരും നിലവില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷനിലായവര്‍. കണ്ണന്‍ദേവന്‍ വില്ലേജിലെ ഭൂ രേഖകളില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിയെടുക്കാന്‍ ശ്രമിച്ച ഭൂമിയ്ക്ക് ലക്ഷങ്ങള്‍ വിലവരുന്നതാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

click me!