
മലപ്പുറം: കോൺഗ്രസ് നേതാവ് വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോർഡ്. "നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് "അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പിവി അൻവറിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബേപ്പൂരിൽ ഉയർന്നിരുന്നു.
അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു. അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻററിയും പുസ്തകങ്ങളും സജീവമായിരിക്കുകയാണ്. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളുമാണ് ഹൈലൈറ്റ്സ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികൾ, പോരാളികൾ ആണ് നായകനാകുന്നത്. അങ്ങിനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്ക് ആണ്. കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.
മത്സരിച്ചില്ലെങ്കിലും നമ്പർ വൺ കസേരക്കുള്ള കിടമത്സരത്തിൽ സജീവമായുള്ള കെസി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെൻററി ഷൂട്ട് അന്തിമഘട്ടത്തിലാണ്. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെൻ്ററിയുടെ ഷൂട്ട് ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തിൽ വായനക്കാർക്കായി കെസി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപമാണ്. നേരിനൊപ്പം പോരാട്ടങ്ങൾ, നിലപാടുകൾ. ട്രക്കിംഗും വനവാസം റിസോർട്ടിൻറെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിഡി സതീശൻറെ പുസ്തകവും ഉടനെത്തും. ക്രിസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള പുസ്തകത്തിൻ്റെ പേര് ആദം നീ എവിടെയാകുന്നു. പല ഫോർമാറ്റുകളിൽ പ്രതിച്ഛായപ്പോര് കടുക്കുമ്പോൾ ഇതൊക്കെ പെട്ടി പൊട്ടിച്ചിട്ട് പോരെ എന്ന അഭിപ്രായമുള്ളവരുമുണ്ട് കോൺഗ്രസ്സിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam