സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പലയിടത്തും പഴകിയ ഭക്ഷണം, പരിശോധന തട്ടുകടകളിലേക്കും

Published : May 07, 2022, 03:32 PM ISTUpdated : May 07, 2022, 03:43 PM IST
സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പലയിടത്തും പഴകിയ ഭക്ഷണം, പരിശോധന തട്ടുകടകളിലേക്കും

Synopsis

തിരുവനന്തപുരം നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ച്  ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ. തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിലും മെസ്സിലും ബാർ ഹോട്ടലിൽ നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കാസർഗോഡ് തമിഴ്നാട്ടിൽ നിന്നും എത്തിയ 200 കിലോ പഴകിയ മത്സ്യം പിടികൂടി. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും. 

തിരുവനന്തപുരം നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ ഇന്ന് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്റീനിൽ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തു. വാളിക്കോട് ജംക്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി. കച്ചേരി ജംക്ഷനിൽ മാർജിൻ ഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. ഈ മാർജിൻ ഫ്രീ ഷോപ്പിന് നോട്ടീസ് നൽകി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് നഗരത്തില്‍ ചുറ്റുന്നത്. പരിശോധനയറിഞ്ഞ് മിക്കവരും ജാഗരൂകരാണെങ്കിലും പലയിടത്തും കാഴ്ച്ചകൾക്ക് മാറ്റമുണ്ടായില്ല.

കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചത്. കൊച്ചിയിലും  ഇടുക്കിയിലും ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങൾ അടക്കാൻ നിർദ്ദേശം നൽകി. 12 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകളാണ് ഇന്നലെ വരെ പൂട്ടിച്ചത്. ഇന്നലെ വരെ 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ കർശനമായി നടന്നു തുടങ്ങിയത്. 

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ', ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ജാഗറി' എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു