
കൊച്ചി: കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ 'എം.എസ്.സി എൽസ-3' (MSC ELSA-3) എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്‌പോർട്ടുകൾ തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്.
കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിന്‍റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു. ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഹർജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ പതാകയുള്ള കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam