സ്വർണ്ണക്കടത്ത്: ഇന്ത്യയിലെത്തി അന്വേഷത്തിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ല, വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Sep 17, 2020, 9:19 PM IST
Highlights

സ്വർണ്ണക്കടത്ത് ലോക്സഭയിൽ ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കാർഷിക പരിഷ്ക്കാര ബിൽ ചർച്ച നീണ്ടുപോയതിനാൽ അവസരം ലഭിച്ചില്ല

ദില്ലി: സ്വർണ്ണക്കടത്തിൽ ഇന്ത്യയിലെത്തി അന്വേഷത്തിന് യുഎഇ അനുവാദം ചോദിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. റെഡ്ക്രസൻറുമായുള്ള കരാറിന്‍റെ നിയമവശം പരിശോധിക്കുകയാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു. ദേശീയതലത്തിൽ വിഷയമാക്കുമ്പോഴും രാജ്യാന്തരമാനം കൂടിയുള്ള സ്വർണ്ണക്കടത്ത് കേസിൽ രണ്ടു കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതിൽ ആദ്യത്തേത് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നതാണ്. അന്വേഷണത്തിൽ യുഎഇയുടെ സഹകരണം ഇന്ത്യ തേടിയിരുന്നു. യുഎഇ ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി നല്കിയില്ല എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം ഇന്ന് നൽകിയത്. 

അതേ സമയം സ്വർണ്ണക്കടത്ത് വിഷയത്തിൽ ഇന്നലെ രണ്ടു മിനിറ്റിലധികം സംസാരിക്കാൻ ബിജെപിയുടെ തേജസ്വി സൂര്യക്ക് സ്പീക്കർ അനുവാദം നല്കിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധമുള്ളതാണ് സ്വർണ്ണക്കടത്തെന്ന് സഭയിൽ തേജസ്വി സൂര്യ ആരോപിച്ചു. ബിജെപി ഇക്കാര്യം സജീവമായി നിറുത്താൻ തീരുമാനിച്ചു എന്ന സൂചനയാണ് തേജസ്വി സൂര്യയുടെ ഇടപെടൽ സൂചിപ്പിക്കുന്നത്. 

 ബിജെപി ആരോപണം ഉന്നയിക്കുമ്പോൾ അതിനോടു ചേരാതെ യുഡിഎഫ് എംപിമാർ മൗനം പാലിച്ചിരുന്നു. ബിജെപിയുമായി സംയുക്തനീക്കം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ ഉൾപ്പടെയുള്ള കോൺഗ്രസ് എംപിമാർ വിഷയം ഉന്നയിക്കാൻ നോട്ടീസ് നൽകിയത്. എന്നാൽ കാർഷിക പരിഷ്ക്കാര ബിൽ ചർച്ച നീണ്ടുപോയതിനാൽ അവസരം ലഭിച്ചില്ല. മൂന്ന് കേന്ദ്ര ഏജൻസികളും രണ്ട് രഹസ്യാന്വേഷണ ഏജൻസികളും ഇടപെട്ടു കഴിഞ്ഞ കേസ് വെറുതെ അവസാനിക്കില്ലെന്നാണ് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

click me!