ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

Published : Nov 26, 2024, 02:09 PM IST
ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

Synopsis

വനം വകുപ്പിന്‍റെ മനുഷ്യത്വമില്ലാത്ത നടപടി വലിയ വിവാദമായതോടെയാണ്  നടപടിയുണ്ടായത്. 

കൽപ്പറ്റ: ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തിൽ ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ സസ്പെന്‍റ് ചെയ്തു. മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക ജനരോഷം ഉയർന്നിരുന്നു. സംഭവത്തിൽ ഇന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. 

കൊല്ലികോളനിയിലെ മൂന്ന് ആദിവാസി കുടുംബങ്ങളെയാണ്  കുടില്‍  പൊളിച്ച് വനം വകുപ്പ്  പെരുവഴിയിലാക്കിയത്. വന്യജീവി സങ്കേതത്തിലെ കയ്യേറ്റമെന്ന് ആരോപിച്ചായിരുന്നു നടപടി. ഗത്യന്തരമില്ലാതെ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ള ആദിവാസി കുടുംബങ്ങള്‍ വനം വകുപ്പ് ഓഫീസിന് മുന്നില്‍ സമരം ഇരുന്നു. വനം വകുപ്പിന്‍റെ മനുഷ്യത്വമില്ലാത്ത നടപടി വലിയ വിവാദമായതോടെയാണ്  നടപടിയുണ്ടായത്. 

ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ എസ് ദീപ സസ്പെന്‍റ് ചെയ്തത്. ആദിവാസികളുടെ കുടിലുകള്‍ ജാഗ്രതയില്ലാതെ  പൊളിച്ചത് വനംവകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.  മറ്റെങ്ങും പോകാനില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവ‍ർ പൊളിച്ച കുടിലിന്‍റെ തറയില്‍ തന്നെയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്. 

വസ്ത്രങ്ങളും പാത്രങ്ങളും ഉള്‍പ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ വലിച്ചെറിഞ്ഞുവെന്നും ഇവ‍ർക്ക് പരാതിയുണ്ട്. പട്ടികജാതി പട്ടികവ‍ർഗ വകുപ്പ് മന്ത്രിയുടെ പഞ്ചായത്തില്‍ ഉണ്ടായ സംഭവത്തില്‍ ഇന്നലെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് കുടുംബങ്ങളെയും വനംവകുപ്പ് ക്വാർട്ടേഴ്സില്‍ താമസിപ്പിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെ നടപടിയിൽ സിപിഎമ്മും പ്രതിഷേധിച്ചിരുന്നു.

ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാനന്തവാടി ഡി.എഫ്.ഒയും വയനാട് ജില്ലാ കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും