
പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ പി പി രാജനായുള്ള (Watcher Rajan) കാട്ടിനകത്തെ വ്യാപക തെരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
ഇരുപതാം തീയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാട് കയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും പിന്നീട് രാജനെ കാണാനില്ലെന്ന ദുഖഃവാർത്തയാണ് വീട്ടിലെത്തിയത്. ഒരു സൂചനയും കിട്ടാതെ രണ്ടാഴ്ച മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കാട്ടിലെ ക്യാമറകളിൽ ഒന്നും പതിഞ്ഞിട്ടില്ലെന്നാണ് പരിശോധനാ ഫലം. ഇനി കാട് തന്നെ പറയണം രാജൻ എവിടെ എന്ന്. രാജന്‍റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
അതേസമയം, രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്.
Also Read: ഉറ്റവരുടെ കണ്ണീര്‍ തോരുന്നില്ല; ഇനിയെത്ര തെരയണം രാജനെ കണ്ടെത്താൻ? സംശയങ്ങള്‍ ഇങ്ങനെ
എന്താണ് സംഭവിച്ചത്?
മെയ് മൂന്ന്. രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ് രാജൻ. പിറ്റേന്ന് രാവിലെയാണ് രാജനെ കാണാനില്ലെന്ന വിവരം സഹപ്രവർത്തകർ തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ സമീപത്താകെ തെരച്ചിൽ തുടങ്ങി. ക്യാമ്പിന്‍റെ അടുത്തു നിന്ന് രാജന്‍റെ ഉടുമുണ്ടും ടോർച്ചും ചെരുപ്പും കണ്ടെടുത്തു. ഇവയിൽ നിന്ന് സൂചനകൾ ഒന്നും കിട്ടിയില്ല.
ഉടനെ തുടങ്ങി തെരച്ചിൽ
കാണാതായ പിറ്റേ ദിവസം തന്നെ അമ്പതോളം പേരടങ്ങുന്ന സംഘം പ്രദേശത്തിന്‍റെ 500 മീറ്റർ ചുറ്റളവിൽ തെരച്ചിൽ തുടങ്ങി. കാടും കാട്ടുപാതയും നന്നായി അറിയുന്ന ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ. പ്രദേശമാകെ നിബിഡ വനം ആയതിനാൽ വൈകീട്ട് ആറു മണിയോടെ ഇരുട്ട് കടുക്കും. ഇത് തെരച്ചിലിന് തിരിച്ചടിയായി.
ശാസ്ത്രീയ തെരച്ചലിന് വിദഗ്ധ സംഘം
രണ്ടാം ദിനം പൊലീസിന്‍റെ തണ്ടർ ബോൾട്ട്, വനംവകുപ്പിന്‍റെ ആർആർടി അംഗങ്ങൾ, വാച്ചർമാർ എന്നിവരടങ്ങുന്ന 150ഓളം പേർ വനത്തിൽ ഒരു കിലോമീറ്ററോളം തെരച്ചിൽ വ്യാപിപ്പിച്ചു. വന്യമൃഗം ആക്രമിച്ചിട്ടുണ്ടോ എന്നായിരുന്നു കാര്യമായും പരിശോധിച്ചത്. വൈകീട്ട് ഇരുട്ട് പരന്നപ്പോഴേക്കും രാജന്‍റെ നിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നും കിട്ടിയില്ല. ഇരുട്ടിനൊപ്പം നിരാശമാത്രം ബാക്കിയായി.
വന്യജീവി ആക്രമിച്ചോ ?
രണ്ട് സംശയങ്ങളാണ് സൈലന്‍റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്. സാധാരണ വന്യമൃഗങ്ങൾ ആക്രമിച്ചാൽ പരമാവധി ഒരു കിലോമീറ്ററിനുള്ളിൽ മാത്രമേ തെളിവുകൾ കിട്ടൂ. എന്നാൽ, തെരച്ചിൽ ഒരു കിലോ മീറ്ററിനപ്പുറവും പിന്നിട്ടിട്ടുണ്ട്. അതിനാൽ വന്യജീവി ആക്രമണ സാധ്യത വിരളമാണ്. പരിശീലനം കിട്ടിയ വാച്ചറെന്ന നിലയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ രാജൻ തീർച്ചയായും പ്രതിരോധിച്ചിരിക്കും.
അത് തെളിയിക്കുന്നതൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊന്ന് രാജന്‍റെ മുണ്ടും ടോർച്ചും ചെരിപ്പും കിട്ടിയിരുന്നു. പക്ഷേ ധരിച്ച ഷർട്ട് കിട്ടിയിട്ടില്ല. ഇതാണ് വനംവകുപ്പിനെ കൂടുതൽ കുഴയ്ക്കുന്നത്. രാജന്‍റെ തിരോധാനത്തിൽ അഗളി പൊലീസ് എടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണവും ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും തിരോധാന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam