Asianet News MalayalamAsianet News Malayalam

വാച്ചർ രാജന്‍റെ തിരോധാനം; അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി

രാജനായുള്ള വനംവകുപ്പ് തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലാണ്. നൂറ്റി അമ്പതോളം ഉദ്യോഗസ്ഥരാണ് കാട്ടിൽ തെരച്ചിൽ നടത്തുന്നത്. സൈലന്‍റ് വാലി കാടുകളോട് ചേർന്നുള്ള തമിഴ്നാട്ടിലെ മുക്കുത്ത് നാഷണൽ പാർക്കിലും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Forest watcher rajan missing case forest minister ak saseendran says special team led by agali dysp will investigate
Author
Palakkad, First Published May 14, 2022, 3:11 PM IST

പാലക്കാട്: സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ്  വാച്ചർ രാജന്‍റെ (Watcher Rajan)തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ (AK Saseendran). വനംവകുപ്പ് തെരച്ചിലിലും അന്വേഷണത്തിലും സൂചനകൾ കിട്ടാത്ത സാഹചര്യത്തിലാണിത്. എന്നാൽ വാച്ചർക്കായുള്ള തെരച്ചിൽ ഉടൻ നിർത്തില്ലെന്നും എ കെ ശശീന്ദ്രൻ മണ്ണാർക്കാട് പറഞ്ഞു.രാജനായുള്ള വനംവകുപ്പ് തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലാണ്. നൂറ്റി അമ്പതോളം ഉദ്യോഗസ്ഥരാണ് കാട്ടിൽ തെരച്ചിൽ നടത്തുന്നത്. സൈലന്‍റ് വാലി കാടുകളോട് ചേർന്നുള്ള തമിഴ്നാട്ടിലെ മുക്കുത്ത് നാഷണൽ പാർക്കിലും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ ഇതുവരെ സൂചനകൾ ഒന്നും കിട്ടിയിട്ടില്ല.

രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുന്‍പേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്.

Also Read: ഉറ്റവരുടെ കണ്ണീര്‍ തോരുന്നില്ല; ഇനിയെത്ര തെരയണം രാജനെ കണ്ടെത്താൻ? സംശയങ്ങള്‍ ഇങ്ങനെ

രാജനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ  പത്താം ദിവസവും തുടരുകയാണ്. സെലന്‍റ് വാലിയോട് ചേർന്നുള്ള തമിഴ്നാടിന്‍റെ പരിധിയിലും വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിരോധാനം അന്വേഷിക്കുന്ന പൊലീസിനും ഒന്നും കണ്ടെത്താനായിട്ടില്ല.

എന്താണ് സംഭവിച്ചത്?

മെയ് മൂന്ന്. രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ് രാജൻ. പിറ്റേന്ന് രാവിലെയാണ് രാജനെ കാണാനില്ലെന്ന വിവരം സഹപ്രവർത്തകർ തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ സമീപത്താകെ തെരച്ചിൽ തുടങ്ങി. ക്യാമ്പിന്‍റെ അടുത്തു നിന്ന് രാജന്‍റെ ഉടുമുണ്ടും ടോർച്ചും ചെരുപ്പും കണ്ടെടുത്തു.  ഇവയിൽ നിന്ന് സൂചനകൾ ഒന്നും കിട്ടിയില്ല.

ഉടനെ തുടങ്ങി തെരച്ചിൽ 

കാണാതായ പിറ്റേ ദിവസം തന്നെ അമ്പതോളം പേരടങ്ങുന്ന സംഘം പ്രദേശത്തിന്‍റെ 500 മീറ്റർ ചുറ്റളവിൽ തെരച്ചിൽ തുടങ്ങി. കാടും കാട്ടുപാതയും നന്നായി അറിയുന്ന ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയായിരുന്നു തെരച്ചിൽ. പ്രദേശമാകെ നിബിഡ വനം ആയതിനാൽ വൈകീട്ട് ആറു മണിയോടെ ഇരുട്ട് കടുക്കും. ഇത് തെരച്ചിലിന് തിരിച്ചടിയായി.

ശാസ്ത്രീയ തെരച്ചലിന് വിദഗ്ധ സംഘം

രണ്ടാം ദിനം  പൊലീസിന്‍റെ തണ്ടർ ബോൾട്ട്, വനംവകുപ്പിന്‍റെ ആർആർടി അംഗങ്ങൾ, വാച്ചർമാർ എന്നിവരടങ്ങുന്ന 150ഓളം പേർ വനത്തിൽ ഒരു കിലോമീറ്ററോളം തെരച്ചിൽ വ്യാപിപ്പിച്ചു. വന്യമൃഗം ആക്രമിച്ചിട്ടുണ്ടോ എന്നായിരുന്നു കാര്യമായും പരിശോധിച്ചത്. വൈകീട്ട് ഇരുട്ട് പരന്നപ്പോഴേക്കും രാജന്‍റെ നിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നും കിട്ടിയില്ല. ഇരുട്ടിനൊപ്പം നിരാശമാത്രം ബാക്കിയായി.

വന്യജീവി ആക്രമിച്ചോ ?

രണ്ട് സംശയങ്ങളാണ് സൈലന്‍റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്. സാധാരണ വന്യമൃഗങ്ങൾ ആക്രമിച്ചാൽ പരമാവധി ഒരു കിലോമീറ്ററിനുള്ളിൽ മാത്രമേ തെളിവുകൾ കിട്ടൂ. എന്നാൽ, തെരച്ചിൽ ഒരു കിലോ മീറ്ററിനപ്പുറവും പിന്നിട്ടിട്ടുണ്ട്. അതിനാൽ വന്യജീവി ആക്രമണ സാധ്യത വിരളമാണ്. പരിശീലനം കിട്ടിയ വാച്ചറെന്ന നിലയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ രാജൻ തീർച്ചയായും പ്രതിരോധിച്ചിരിക്കും.

അത് തെളിയിക്കുന്നതൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊന്ന്  രാജന്‍റെ മുണ്ടും ടോർച്ചും ചെരിപ്പും കിട്ടിയിരുന്നു. പക്ഷേ ധരിച്ച ഷർട്ട് കിട്ടിയിട്ടില്ല. ഇതാണ് വനംവകുപ്പിനെ കൂടുതൽ കുഴയ്ക്കുന്നത്. രാജന്‍റെ തിരോധാനത്തിൽ അഗളി പൊലീസ് എടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണവും ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും തിരോധാന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല. 

Follow Us:
Download App:
  • android
  • ios