
പാലക്കാട്: കാണാതായ വനം വകുപ്പ് വാച്ചർ രാജന് (Watcher Rajan) വേണ്ടി സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ നടത്തുന്ന തെരച്ചിൽ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ സൈലന്റ് വാലി വനത്തിലെ തെരച്ചിലവസാനിപ്പിച്ച് തമിഴ്നാട് മൂക്കുത്തി നാഷണൽ പാർക്കിലെ തെരച്ചിൽ തുടരാനാണ് നീക്കം. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകും. രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, വനത്തിനുള്ളിൽ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തിൽ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്ന വിലയിരുത്തലാണ് വനംവകുപ്പിനുള്ളത്.
കാണാതായ രാജനായി തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു
രാജന്റെ തിരോധനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുക. രാജനെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും തേടും. രാജനെ കാണാതായി പന്ത്രണ്ടാം നാളാണ് തിരോധാനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. വനംവകുപ്പ് കാടുകളിൽ സജ്ജീകരിച്ച എഴുപതോളം ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതിലൊന്നും രാജനെ കുറിച്ചുള്ള ഒരു സൂചനയും കിട്ടിയില്ല. കടുവ, പുലി എന്നിവയുടെ സാന്നിധ്യവും രാജന്‍റെ തിരോധാനത്തിന് ശേഷം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ വന്യജീവി ആക്രമണം രാജന് നേരെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് കുഴപ്പിക്കുന്നത്.
രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയോ എന്ന് അന്വേഷിക്കണമെന്ന് കുടുംബം
സൈലന്‍റ് വാലി സൈലന്ദ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജനെ (Watcher Rajan)മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്ന് സഹോദരൻ സുരേഷ് ബാബു. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. രാജനെ കാണാതായി ഒമ്പത് ദിവസം പിന്നിടുമ്പോഴും തിരോധാനത്തിലെ ദുരൂഹത നീങ്ങുന്നില്ല.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രാജനെ വന്യമൃഗങ്ങള്‍ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്‍റെ നിഗമനം. എന്നാൽ അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിനു മുന്‍പേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനും കുടുംബം ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam