Asianet News MalayalamAsianet News Malayalam

കാണാതായ രാജനായി തമിഴ്നാട്ടിലെ വനമേഖലയിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു

രാജന് വേണ്ടിയുള്ള തെരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. തമിഴ്നാട്ടിലെ മുക്കുത്തി നാഷണൽ പാ‍ര്‍ക്കിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്

Search for  Forest watcher rajan in Tamilnadu forest
Author
Tamilnadu, First Published May 12, 2022, 12:06 PM IST

പാലക്കാട്: സൈലന്‍റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായി (Watcher Rajan) തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒറ്റപ്പെട്ട ഗുഹകൾ, പാറക്കെട്ടുകൾ, മരപ്പൊത്തുകൾ എന്നിവിടങ്ങളിലാണ് 150 ഓളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. രാജന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മെയ് മൂന്നിനാണ് ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങവെ 
രാജനെ കാണാതായത്. മുണ്ടും, ടോർച്ചും ചെരിപ്പും, രണ്ടുനാൾ കഴിഞ്ഞ രാജന്‍റെ ഫോണും കണ്ടെത്തിയിരുന്നു. 

അതേസമയം രാജന് വേണ്ടിയുള്ള തെരച്ചിൽ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് വനംവകുപ്പ്. തമിഴ്നാട്ടിലെ മുക്കുത്തി നാഷണൽ പാ‍ര്‍ക്കിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. സൈലന്‍റ് വാലി വൈൽഡ് ലൈഫ് വാർഡ‍ന്റെ  ആവശ്യപ്രകാരമാണ് അവിടെ തെരച്ചിൽ നടത്തുന്നത്.

നൂറുകണക്കിന് കിലോമീറ്റ‍ര്‍വനമേഖലയിൽ വനംവകുപ്പ് പരിശോധന നടത്തിയിട്ടും എവിടെയും വന്യജീവി ആക്രമണം നടന്നതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ല. രാജൻ്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മകളുടെ കല്യാണം ഉറപ്പിച്ചിരിക്കെയാണ് രാജൻ്റെ തിരോധാനം. രാജന് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി സഹപ്രവർത്തക‍ര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios