പുള്ളിമാനെ വേട്ടയാടല്‍: ഒരാള്‍ പിടിയില്‍, ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Jul 31, 2022, 11:01 PM IST
Highlights

പാതിരി വനത്തിൽ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ പെരിക്കല്ലൂർ കോളനിയിലെ ഷിജുവാണ് അറസ്റ്റിലായത്.

വയനാട്: വയനാട്ടിൽ പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. പാതിരി വനത്തിൽ കുടുക്കുവച്ച് പുള്ളിമാനെ വേട്ടയാടിയ പെരിക്കല്ലൂർ കോളനിയിലെ ഷിജുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് പാകം ചെയ്ത ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. സംഘത്തിലുള്ള മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു.

  • കോഴിക്കോട് വിമാനത്താവളത്തിൽ 70  ലക്ഷം വില വരുന്ന സ്വർണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപ വരുന്ന 1.35 കിലോ സ്വർണം പിടികൂടി. ദുബായിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  ഇത്രയും സ്വർണം പിടികൂടിയത്.   രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൻ്റെ  ലഗേജിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വർണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസം മൂലം സംശയം തോന്നുകയും കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചെടുക്കുകയും ചെയ്താണ് സ്വർണം കണ്ടെടുത്തത്.

രണ്ടാമത്തെ യാത്രക്കാരനായ വടകര സ്വദേശി നാസറിൽ നിന്നും കണ്ടെടുത്ത 848.6 ഗ്രാം സ്വർണമിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.  കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും  പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്തവാളത്തിൽ നിന്നും നാല് കോടിയോളം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. അസി. കമ്മീഷണർ  സിനോയ് കെ. മാത്യുവിന്റെ നിർദ്ദേശത്തിൽ സൂപ്രണ്ട്   പ്രകാശ് എം,   ഇൻസ്പെക്റ്റർ  ഹർഷിത് തിവാരി,  ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. 

tags
click me!