
പത്തനംതിട്ട: ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. വനം വകുപ്പ് വാച്ചർ വർഗീസ് രാജിനാണ് മർദ്ദനമേറ്റത്. ഇയാളെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. വനം വകുപ്പ് വാച്ചറും ഗൈഡുമാണ് വർഗീസ് രാജ്.