
കോട്ടയം: മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മൂന്ന് ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിടെ പഠിക്കുമായിരുന്നു. അടൂര്‍ പ്രകാശ് എംഎല്‍എ മുന്‍കയ്യെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയും ഡോ. പിജിആര്‍ പിള്ളയെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡില്‍ നിന്ന് 142.5 കോടി കൂടി ലഭിച്ചതോടെ 167.5 കോടി രുപയാണ് വക കൊള്ളിച്ചത്.
300 കിടക്കകളോടെ 3,30,000 ചതുരശ്രയടിയില്‍ കെട്ടിടം, അനുബന്ധ റോഡുകള്‍, 13.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി, 108 ജീവനക്കാര്‍, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇടതു സര്‍ക്കാര്‍ വന്നതോടെ ആദ്യം കോന്നിയില്‍ നിന്നു മെഡിക്കല്‍ കോളേജ് മാറ്റാനുള്ള ശ്രമം നടത്തിയെന്ന് ഉമ്മന്‍ ചാമ്ടി ആരോപിച്ചു.
സ്ഥലത്തെ പറ്റി ദുരാരോപണം, നിര്‍മ്മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ ഒ.പി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഇതിനെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോന്നി മെഡിക്കല്‍ കോളജിന് വീണ്ടും ജീവന്‍ വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തതുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam