'ഞാൻ ആർഎസ്‌എസിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്നത് വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയല്ലേ?' ആകൃഷ്ടനായത് 97ലെന്ന് ജേക്കബ് തോമസ്

Published : Sep 28, 2025, 02:44 PM IST
 Former DGP Jacob Thomas joins RSS

Synopsis

ആർഎസ്എസ് വർഗീയ സംഘടനയാണെന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് താൻ ആർഎസ്‌എസിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഇപ്പറഞ്ഞ ആരോപണങ്ങൾക്കുള്ള മറുപടിയല്ലേയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന തീരുമാനത്തിൽ എത്തിയെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസിൽ സജീവമാകുന്നതിനെ കുറിച്ചാണ് ജേക്കബ് തോമസിന്‍റെ പ്രതികരണം. "നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകാൻ തീരുമാനിച്ചു. ആർഎസ്‌എസിൽ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങൾക്കൊപ്പം പോകുന്നു. സംഘത്തിന് രാഷ്ട്രീയമില്ല. അത് സന്നദ്ധ സംഘടനയാണ്. അതൊരു രാഷ്ട്രീയ പാർട്ടി അല്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യം"- ജേക്കബ് തോമസ് പറഞ്ഞു.

എപ്പോഴാണ് ആർഎസ്എസിൽ ആകൃഷ്ടനായത് എന്ന ചോദ്യത്തിന് ജേക്കബ് തോമസിന്‍റെ മറുപടിയിങ്ങനെ- "97ൽ മൈസൂരിൽ ആർഎസ്എസിന്‍റെ ഒരു സ്കൂളിൽ പോവാൻ ഇടയായി. കൂർഗിലെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്‍റും എന്‍റെ കൂടെ ഉണ്ടായിരുന്നു. ബെംഗളൂരുവിൽ പോയി തിരിച്ചുപോകുന്ന വഴിയായിരുന്നു. അന്ന് അവിടത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കി. ഒരു ദിവസം അവിടെ താമസിച്ചു. അങ്ങനെയാണ് ആർഎസ്എസിൽ ആകൃഷ്ടനായത്. സർക്കാർ ജോലിയിൽ ആയിരുന്നതു കൊണ്ട് ആ ജോലിയിൽ ആത്മാർത്ഥത കാണിച്ചു. വിരമിച്ചപ്പോഴാണ് ആർഎസ്എസിൽ സജീവമാകാൻ തീരുമാനിച്ചത്"

ആർഎസ്എസ് വർഗീയ സംഘടനയാണെന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ- "ഞാൻ ആർഎസ്‌എസിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഇപ്പറഞ്ഞ ആരോപണങ്ങൾക്കുള്ള മറുപടിയല്ലേ? ഞാൻ ഒരു വർഗീയവാദിയാണെന്ന് കേരളത്തിൽ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. തീക്കോയി എന്ന ഗ്രാമത്തിൽ ജനിച്ച് സെന്‍റ് മേരീസ് സ്കൂളിൽ പഠിച്ചു. പിന്നീട് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഞാൻ ആർഎസ്‍എസിനോട് ചേർന്നു പ്രവർത്തിക്കുന്നത് ആരോപണങ്ങൾക്കുള്ള മറുപടിയാണ്."

സജീവമാവുക പദസഞ്ചലനത്തിൽ പങ്കെടുത്ത്

ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണവേഷം അണിഞ്ഞ് പദസഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും ജേക്കബ് തോമസ് മുഴുവൻ സമയ പ്രവര്‍ത്തകനാകുക. പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ൽ ബിജെപിയിൽ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.

നേരത്തെ ആർഎസ്എസിന്‍റെ ചില പരിപാടികളിൽ അതിഥിയായി ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. സർവീസിലിരിക്കെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്താണ് ജേക്കബ് തോമസ് ശ്രദ്ധേയനായത്. 2021ൽ ജെ പി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ചു പരാജയപ്പെട്ടു. നിലവിൽ ബിജെപിയുടെ ഭാരവാഹിയല്ല. 

സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായിരുന്ന ആർ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. മറ്റൊരു ഡിജിപിയായിരുന്ന ടി പി സെൻകുമാർ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ