Latest Videos

'കൊലക്കേസ് പ്രതിയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ', വീണ്ടും ചര്‍ച്ചയായി ശ്രീലേഖയുടെ പഴയ വെളിപ്പെടുത്തല്‍

By S SyamkumarFirst Published Jul 11, 2022, 7:55 PM IST
Highlights

"അണ്‍ഡിറ്റക്ടഡ് എന്നെഴുതി ഞാനാ കേസ് ഫയല്‍ ക്ലോസ് ചെയ്തു. പ്രതിയെ കണ്ടെത്താനാകാത്ത കേസായി അത് മാറി. ഞാനിന്നും അന്ന് ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നു. കാരണം നിയമത്തിനും അപ്പുറത്താണ് ചിലപ്പോള്‍ നീതിയുടെ ചക്രവാളം "

"ഒരു ചോരക്കുഞ്ഞിന്‍റെ ജ‍ഡം വേമ്പനാട്ട് കായലില്‍ പൊങ്ങി. അവിഹിത ഗര്‍ഭത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കായലില്‍ ഉപേക്ഷിച്ചാണെന്നുളള പ്രാഥമിക വിവരത്തിനപ്പുറം തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തി. അവര്‍ അപ്പോള്‍ വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയും ആയിരുന്നു. തന്‍റെ മുറച്ചെറുക്കനുമായി അനുരാഗത്തില്‍ ആയതും ആ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിനെ പുഴയുടെ കരയില്‍ വച്ച് പാല്‍കൊടുത്ത ശേഷം സാരിത്തലപ്പു കൊണ്ട് ശ്വാസം മുട്ടിച്ച് പുഴയിലിട്ടതും അവര്‍ ഏറ്റുപറഞ്ഞു"

പതിനേഴ് വര്‍ഷം മുമ്പ് 2005 മെയ് മാസത്തില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലൊന്നില്‍ ആര്‍ ശ്രീലേഖ എഴുതിയ സര്‍വീസ് സ്റ്റോറിയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയില്‍ ശ്രീലേഖ ഇങ്ങനെ എഴുതി; '' ഞാന്‍ അറസ്റ്റ് ചെയ്താല്‍ അവരുടെ കുടുംബം തകരും. അവരുടെ ജീവിതം ഇല്ലാതാകും. ആ പിഞ്ചുകുഞ്ഞിന്‍റെ ജീവിക്കാനുളള അവകാശം നഷ്ടപ്പെടുത്തിയതില്‍ എന്ത് സമാധാനം പറയും ? ഞാനാകെ ആശയക്കുഴപ്പത്തിലായി. തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ മടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് വീണ്ട് കേസ് ഫയല്‍ എടുത്തു. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി വായിച്ചു നോക്കിയപ്പോള്‍ എനിക്ക് സംശയമായി. 

കുഞ്ഞിന്‍റെ ഹൃദയത്തെ കുറിച്ചുളള ഭാഗം വിശദീകരണം വേണ്ടതായിരുന്നു. ഹാര്‍ട്ട് എന്‍ലാര്‍ജ് എന്നാണ് എഴുതിയിരുന്നത്. ഞാന്‍ മൂന്ന് നാല് ശിശുരോഗ വിദഗ്ധരുടെ ഉപദേശം തേടി. അവര്‍ പറഞ്ഞു 'ആ കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ല'. അതായാത് അന്ന് കൊന്നില്ലായിരുന്നെങ്കിലും കുഞ്ഞിന് ആയുസ് ഇല്ലായിരുന്നുവെന്ന്. ഈ അറിവില്‍ എന്‍റെ സംശയത്തിന്‍റെ ഉത്തരം ഉണ്ടായിരുന്നു. ആ അമ്മയെ വെറുതെ വിടുക. എന്‍റെ ബോസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എനിക്കായി. അണ്‍ഡിറ്റക്ടഡ് എന്നെഴുതി ഞാനാ കേസ് ഫയല്‍ ക്ലോസ് ചെയ്തു. പ്രതിയെ കണ്ടെത്താനാകാത്ത കേസായി അത് മാറി. ഞാനിന്നും അന്ന് ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നു. കാരണം നിയമത്തിനും അപ്പുറത്താണ് ചിലപ്പോള്‍ നീതിയുടെ ചക്രവാളം "

Read more: നടിയെ ആക്രമിച്ച കേസ്; ശ്രീലേഖയുടെ അവകാശവാദങ്ങളുടെ പൊരുളെന്ത്, പഴുതെന്ത്?

പിഞ്ചുകുഞ്ഞിനെ കൊന്ന് കായലില്‍ എറിഞ്ഞ കേസില്‍ പ്രതിയായ അമ്മയെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് അന്ന് സൃഷ്ടിച്ചത്. ഇതോടെയാണ് സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ പറ്റി അന്വേഷിക്കണം എന്ന ആവശ്യവുമായി അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവയെ സമീപിച്ചത്. അന്ന് ഡിഐജിയായി പൊലീസില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീലേഖ. 

പരാതി കിട്ടിയതോടെ അന്ന് ഐജിയായിരുന്ന ടിപി.സെന്‍കുമാറിനെ അന്വേഷണത്തിനായി നിയോഗിച്ചു ഡിജിപി. എന്നാല്‍ വകുപ്പു തല അന്വേഷണം നടത്തിയതോടെ വിവാദമായ വെളിപ്പെടുത്തലില്‍ നിന്ന് ശ്രീലേഖ പിന്‍മാറിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഓര്‍ത്തെടുക്കുന്നു. വെളിപ്പെടുത്തല്‍ കുഴപ്പമാകുമെന്ന് കണ്ടതോടെ 'കുഞ്ഞിനെ കൊന്ന കഥ' തന്‍റെ ഭാവനാ സൃഷ്ടി മാത്രമായിരുന്നെന്ന് ശ്രീലേഖ നിലപാടെടുത്തു. ഇതോടെ അന്വേഷണവും ആവിയായി. 

Read more: ദിലീപ് കേസില്‍ ശ്രീലേഖയുടെ പരാമർശം അപലപനീയം; അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആനി രാജ

നടി ആക്രമിക്കപ്പെട്ട കേസിലെ ശ്രീലേഖയുടെ വെളിപ്പെടുത്തലും ഒരു ഭാവനാസൃഷ്ടി മാത്രമെന്ന് വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതും പതിനേഴ് വര്‍ഷം മുമ്പത്തെ ഈ അനുഭവമാണെന്ന് ജോമോന്‍ പറയുന്നു. ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ശ്രീലേഖ ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ജോമോന്‍ കരുതുന്നു.  അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ ആത്മകഥയായ "ദൈവത്തിന്‍റെ സ്വന്തം വക്കീല്‍" എന്ന പുസ്തകത്തിലും ശ്രീലേഖയുടെ പഴയ വെളിപ്പെടുത്തല്‍ വിവാദം ജോമോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

click me!