കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ, അംഗത്വം സ്വീകരിച്ചു; ' ഐഎഎസ് ഉപേക്ഷിച്ചത് എംഎൽഎ ആകാനല്ല, ഭീഷണികളെ തുടര്‍ന്നും ഭയപ്പെടില്ല'

Published : Oct 13, 2025, 12:14 PM IST
kannan gopinathan joins congress

Synopsis

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിൽ ചേര്‍ന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൻ ഗോപിനാഥൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കണ്ണൻ ഗോപിനാഥൻ ധൈര്യശാലിയായ ഉദ്യോഗസ്ഥനാണെന്നും നീതിക്കായി കണ്ണൻ വാദിച്ചുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. നീതിക്കായി പോരാടുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് കണ്ണൻ കോൺഗ്രസ് തെരഞ്ഞെടുത്തത്. വിഭജന അജണ്ടകൾക്കെതിരെയാണ് കണ്ണന്‍റെ പോരാട്ടമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്‍റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. 

കോണ്‍ഗ്രസിനെ ബദലായി തോന്നിയതുകൊണ്ടാണ് ആ പ്രസ്ഥാനം തെരഞ്ഞെടുത്തത്. കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണ്. രാജ്യം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. അനീതി കണ്ടാൽ പ്രതികരിക്കും. രാജ്യത്തെ സേവിക്കാൻ കോൺഗ്രസിലെ അവസരം വിനിയോഗിക്കും. പൗരന്മാരുടെ പാർട്ടിയാണ് കോൺഗ്രസ് പ്രവർത്തന മേഖല എവിടെയെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. തിരുത്തൽ ശബ്‌ദമാകാൻ കോൺഗ്രസിനെ വേദിയാക്കുമെന്നും ദേശീയ തലത്തിലോ കേരളത്തിലോപ്രവർത്തിക്കാൻ തയ്യാറാണെന്നും കണ്ണൻ ഗോപിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയങ്ങളെ താൻ തുറന്ന് കാട്ടിയപ്പോള്‍ ഭീഷണിപ്പെടുത്തി തന്നെ നിശബ്‌ദനാക്കാൻ നോക്കി. കേസുകളെടുത്ത് സമ്മർദ്ദത്തിലാക്കി. ഭീഷണികളെ തുടർന്നും ഭയപ്പെടില്ലെന്നും ഐ എ എസ് പദവി രാജിവച്ചത് എംഎൽഎയാകാനല്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

 

കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ

 

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിച്ചത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കണ്ണൻ ഗോപിനാഥന്‍റെ വരവ് ശക്തിപകരുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തൽ. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു.

നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം. തുടര്‍ന്ന് ദാദ്ര നാഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറി പദവി രാജിവെച്ച് രാജ്യത്തുടനീളം സഞ്ചരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ നടപ്പാക്കിയ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി