മന്ത്രിസഭയിൽ ഇനി ചേലക്കരയുടെ മുദ്ര: മുൻസ്പീക്കർ രാധാകൃഷ്ണൻ ഇനി ക്യാബിനറ്റിൽ

By Web TeamFirst Published May 18, 2021, 4:01 PM IST
Highlights

തോന്നുര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനൽ വഴികള്‍ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളര്‍ന്നത്. 

തൃശ്ശൂർ: ലാളിത്യവും പരിചയ സമ്പന്നതയുമാണ് കെ രാധാകൃഷ്ണൻ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്ര. മന്ത്രിയായും സ്പീക്കർ ആയും തിളങ്ങിയ കെ രാധാകൃഷ്ണൻ ഒരിക്കൽ കൂടി ഭരണ രംഗത്ത് എത്തുമ്പോൾ അത്‌ അർഹതക്കുള്ള അംഗീകരമാവുകയാണ്. മികച്ച പൊതുപ്രവര്‍ത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കര്‍ഷകൻ കൂടിയാണ് രാധാകൃഷ്ണൻ.

തോന്നുര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനൽ വഴികള്‍ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളര്‍ന്നത്. പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യൻചിറയിലെയും തോന്നൂര്‍ക്കരയിലെയും പാടങ്ങളില്‍ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവര്‍ന്നു നില്‍ക്കാൻ പണിപെട്ട കൗമാരകാലം. കേരളവര്‍മ്മകോളജിലെ ബിരുദക്ലാസിലെത്തിയ രാധാകൃഷ്ണൻ എന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തൻകാര്യവും രണ്ടായിരുന്നില്ല. 

ചേലക്കരയുടെ അടിയുറച്ച  ജനകീയ മുഖമാണ് കെ രാധകൃഷ്ണൻ. കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയിൽ നിന്നാണ് 1996 ൽ ആദ്യമായി രാധാകൃഷ്ണൻ ജനവിധി തേടുന്നത്. നായനാർ മന്ത്രിസഭയിലെ പട്ടികജാതി - പട്ടിക വര്‍ഗക്ഷേമമന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2001 ല്‍ ചീഫ് വിപ്പായി. 2006 ല്‍ ഹാട്രിക്ക് വിജയത്തോടെ നിയമസഭാ സ്പീക്കര്‍ ആയി. 

2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുന്ന രാധാകൃഷ്ണന്‍ സംഘടനരംഗത്ത് സജീവമായി.സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റി അംഗവും. പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനവും കൃഷിയുമായി കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത് അപ്രതീക്ഷിതമായി. 5ാം തവണ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ രാധേട്ടനെ ചേലക്കരക്കാര്‍ ജയിപ്പിച്ചത് വമ്പിച്ച ഭൂരിപക്ഷത്തില്‍. പതിറ്റാണ്ടുകളോളം ജനപ്രതിനിധിയായ തഴക്കവും പഴക്കവുമുളള നേതാവ് വീണ്ടും മന്ത്രിയാകുമ്പോള്‍ കേരളത്തിൻ്റെ പ്രതീക്ഷകള്‍ ഏറെയാണ്.

click me!