എം ശിവശങ്കര്‍ വിരമിച്ചു; പടിയിറക്കം യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ

By Web TeamFirst Published Jan 31, 2023, 6:23 PM IST
Highlights

യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി.

കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തിൽ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകൾ, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയൽ നോട്ടങ്ങൾ, രണ്ട് ദിവസം മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നൽകിയിരുന്നു. ഐ എ എസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് എം ശിവശങ്കര്‍ നിരസിച്ചു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പ്രതാപത്തോടെ വാണ എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനം ആരവങ്ങളില്ലാതെ പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിന്‍റെ പടിയിറങ്ങി. 

സ്പ്രിംഗ്ലര്‍ മുതൽ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിന്റെ പേരുൾപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിൽ 98 ദിവസം എം ശിവശങ്കര്‍ ജയിലിൽ കിടന്നു. സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം  വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്. ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും കയ്യിൽ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്. പടിയിറങ്ങുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

click me!