കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സിജെ. റോയിയുടെ മരണത്തിന് പിന്നിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈൻ ടീച്ചർ ആരോപിച്ചു. ബിജെപിയുടെ സാമ്പത്തിക നേട്ടത്തിനായി വ്യവസായികളെ തകർക്കുന്ന കളിയുടെ ഇരയാണ് റോയി
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിജെ. റോയിയുടെ മരണം നാടിനെ നടുക്കുമ്പോൾ, ഇതിന് പിന്നിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ജെ. ഷൈൻ ടീച്ചർ. ബിജെപിയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികൾ വഴി തകർക്കുന്ന വൃത്തികെട്ട കളിയുടെ ഇരയാണ് റോയിയെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ കൊലയാളി സംഘങ്ങളായി അധഃപതിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയാണ് ഷൈൻ ടീച്ചർ. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ആവശ്യമായ ഫണ്ട് നൽകുക, അല്ലെങ്കിൽ ഇ.ഡിയേയോ ആദായനികുതി വകുപ്പിനേയോ ഉപയോഗിച്ച് റെയ്ഡ് നടത്തുക എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് വഴങ്ങാത്ത അഭിമാനിയായ വ്യവസായിയായിരുന്നു റോയി. ബെംഗളൂരുവിലെ ഭൂമി 700 കോടി രൂപയ്ക്ക് വിറ്റ പണം കേരളത്തിലെ വിവിധ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ റോയി പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് റെയ്ഡ് നടന്നതെന്നത് ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം കേന്ദ്ര ഏജൻസികൾ ഒരു നിമിഷം കൊണ്ട് തകർക്കുന്നതിന്റെ മാനസികാഘാതത്തിലാണ് അദ്ദേഹം സ്വയം വെടിവെച്ചത്. ഇത് ആത്മഹത്യയല്ല, വേട്ടയാടി കൊന്നതാണ്. വെറുമൊരു ബിസിനസുകാരൻ എന്നതിലുപരി 2018, 2019 പ്രളയകാലത്തും വയനാട് ദുരന്തസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും വലിയ സാമ്പത്തിക സഹായങ്ങൾ നൽകിയ മനുഷ്യസ്നേഹിയായിരുന്നു റോയിയെന്ന് അവർ അനുസ്മരിച്ചു. ഇത്തരം 'വേട്ടനായ്ക്കൾക്ക്' മുന്നിൽ കീഴടങ്ങേണ്ട ഒരാളായിരുന്നില്ല അദ്ദേഹമെന്നും ഷൈൻ ടീച്ചർ കുറിച്ചു. മൂന്ന് പതിറ്റാണ്ട് മുൻപ് നോർത്ത് ഇന്ത്യൻ ലോബിക്ക് വേണ്ടി കള്ളക്കേസിൽ കുടുക്കി മരണത്തിലേക്ക് തള്ളപ്പെട്ട ബ്രിട്ടാനിയ രാജൻ പിള്ളയുടെ അവസ്ഥയാണ് ഇപ്പോൾ റോയിക്കും ഉണ്ടായതെന്ന് അവർ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ ഇത്തരം വഴിവിട്ട നീക്കങ്ങൾക്കെതിരെ എല്ലാ മലയാളികളും ഒന്നിച്ച് രംഗത്തുവരണമെന്നും അവർ ആഹ്വാനം ചെയ്തു.


