
കൊച്ചി: കൊവിഡ് വൈറസ് പടരുന്ന എറണാകുളത്തെ പശ്ചിമ കൊച്ചി മേഖലയിൽ ലോക്ക്ഡൗണിൽ ആശയകുഴപ്പം. സമ്പൂർണലോക്ക്ഡൗൺ സംബന്ധിച്ച് ജില്ലാ ഭരണകൂടം അറിയിപ്പൊന്നും നൽകാതിരുന്നത് പ്രദേശത്ത് പ്രതിസന്ധിക്ക് കാരണമാകുന്നു. കൊച്ചി നഗരസഭയിലെ 1 മുതൽ 28 വരെയുള്ള ഡിവിഷനുകൾ ഫോർട്ട് കൊച്ചി ക്ലസ്റ്ററിന് കീഴിലാക്കി കഴിഞ്ഞ ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ ഫോണിൽ നിന്നാണ് മാധ്യമപ്രവർത്തകരുടേയും പൊലീസിന്റെയും വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് മേഖല മുഴുവൻ കണ്ടെയ്‌ൻമെൻറ് സോണാക്കി എന്ന നിർദ്ദേശം വന്നത്.
അതേ സമയം ജില്ലാ ഭരണണകൂടത്തിന്റെ പ്രഖ്യാപനമനുസരിച്ച് കൊച്ചി നഗരസഭയുടെ കീഴിലെ 16, 18 ഡിവിഷൻ മാത്രമാണ് ഇന്നലെ കണ്ടെയ്‌ൻമെൻറ് സോണാക്കിയത്. പിന്നാലെ ഏതെല്ലാമാണ് കണ്ടെയ്‌ൻമെൻറ് സോണിൽ ഉൾപ്പെടുന്നത് എന്നതിൽ ആശയക്കുഴപ്പമുണ്ടായി. ഇന്ന് രാവിലെ ബിഒടി പാലത്തിൽ പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബിഒടി പാലത്തിൽ രാവിലെ മുതൽ വലിയ ഗതാഗത കുരുക്കുണ്ട്. കണ്ടെയ്‌ൻമെൻറ് സോൺ ആണെന്നറിയാതെ ആളുകൾ ഇവിടേക്ക് എത്തുന്നു. പാലത്തിന് ഇരുവശത്തും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ ജോലിക്ക് പോയ ഫോർട്ട് കൊച്ചി സ്വദേശികൾക്ക് തിരിച്ചു കയറാൻ കഴിയുന്നില്ല. കണ്ടെയ്‌ൻമെന്റ് സോണിൽ അവശ്യ സർവീസുകളും ട്രക്കുകളും മാത്രമേ അനുവദിക്കുകയുള്ളു എന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാൽ കണ്ടെയ്‌ൻമെന്റ് സോൺ ഉൾപ്പെടുന്ന പ്രദേശത്ത് വാഹനം നിർത്താനോ ഇവിടെയുള്ളവരുമായി സമ്പർക്കം പുലർത്താനോ അനുവാദമില്ല. കണ്ടെയ്‌ൻമെൻറ് സോണിൽ അവശ്യ സർവ്വീസുകൾ 8 മണി മുതൽ 1 മണിവരെ മാത്രമായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫോർട്ട്‌കൊച്ചി മേഖലയിൽ നിയന്ത്രണം കർശനമാക്കും. ആവശ്യ സർവീസുകൾ മാത്രം അനുവാദിക്കും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ അനുവദിക്കും. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണം. തോപ്പുംപടി പാലം പൂർണമായി അടക്കില്ല ആംബുലൻസ് പോലെയുള്ള അത്യാവശ്യ വാഹനങ്ങൾ കടത്തിവിടുമെന്നും ഡിസിപി പൂങ്കുഴലീ വ്യക്തമാക്കി. അതേ സമയം ഫോർട്ട് കൊച്ചി ഹൈവേ അടച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam