
കൊച്ചി: സാമ്പത്തിക സംവരണം നടപ്പാക്കാൻ പാടില്ലെന്ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിലപാടെടുത്തു. വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും സംയുക്ത യോഗം കൊച്ചിയിലാണ് നടന്നത്. 39 സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുത്തു. എസ്എൻഡിപിയും ശ്രീനാരായണ സംഘടനകളും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
സാമ്പത്തിക സംവരണം ഭരണ ഘടനാ വിരുദ്ധമാണെന്ന് യോഗത്തിന് ശേഷം പ്രതിനിധികൾ വ്യക്തമാക്കി. മുന്നോക്കകാരിലെ പിന്നാക്കക്കാർക്ക് സംവരണമല്ല, സാമ്പത്തിക സഹായം ആണ് നൽകേണ്ടത്. സുപ്രീം കോടതിയിൽ കേസ് തീരുന്നത് വരെ സാമ്പത്തിക സംവരണം നടപ്പിലാക്കരുത്. പല ഇടത്തും സംവരണം അതിരു കടന്നു. നിലവിലെ സംവരണം പോലും പിന്നോക്കകാർക്ക് കിട്ടുന്നില്ല. ദേവസ്വം , മെഡിക്കൽ , വിദ്യാഭ്യാസ സംവരണം നിലവിൽ ഉള്ളത് പോലും പിന്നോക്കക്കാർക്ക് കിട്ടുന്നില്ല.സുപ്രീംകോടതി യിൽ പരാതി നൽകും. വോട്ട് ബാങ്കാണ് സാമ്പത്തിക സംവരണത്തിന് പിന്നിലെ ലക്ഷ്യം. ഈ മാസം 3ന് സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് തുടർ സമരം തീരുമാനിക്കും.
2021 ലെ സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തണം. ഇല്ലെങ്കിൽ സെൻസെസ് ബഹിഷ്ക്കരിക്കുമെന്നും മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, പി ദിനകരൻ തുടങ്ങിയവർ യോഗശേഷം മാധ്യമങ്ങളെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam