
കൊച്ചി: സംവരണവിഷയത്തിൽ മുസ്ലീം ലീഗിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലീഗും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
മുന്നോക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നത്. മുന്നോക്ക സംവരണം മോദി സർക്കാർ വിഭാവനം ചെയ്ത പോലെയല്ല കേരളത്തിൽ നടപ്പിലാക്കിയതെന്നും സംവരണത്തിനുള്ള മാനദണ്ഡങ്ങൾ ശക്തമാക്കിയതാണ് കേരളത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്വർണക്കള്ളക്കടത്തിൽ തൻ്റെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണക്കള്ളക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രിയാണ്. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam