Kerala nun rape case : ദൈവത്തിന്റെ മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടി

Published : Jan 14, 2022, 11:10 AM ISTUpdated : Jan 14, 2022, 12:16 PM IST
Kerala nun rape case : ദൈവത്തിന്റെ മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടി

Synopsis

സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ (Franco Mulakkal) പീഡനപരാതിയിൽ കന്യാസ്ത്രീകൾക്ക് (Nun) കോടതിയിൽ തിരിച്ചടി. നീതിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് തിരിച്ചടിയാണ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തൻ എന്ന കോടതിയിൽ നിന്നുള്ള വിധി. വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്‍റെ മാലാഖമാർ 13  ദിവസമാണ് തെരുവിൽ സമരമിരുന്നത്. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെയാണ് മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.

Bishop Verdict : നീതി അകലെ, ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

നീതി തേടി കന്യാസ്ത്രീകളുടെ സമരം

ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ നിലപാടിന്‍റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്‍റെ മനസാക്ഷിയിൽ പ്രതീക്ഷ അർപ്പിച്ച് അവരെത്തിയത്. തുടർച്ചയായി രണ്ടാം ദിവസവും കന്യാസ്ത്രീമാർ വഞ്ചി സ്ക്വയറിലെത്തി. മാധ്യമവാർത്തകളിലൂടെ വിഷയം പൊതുശ്രദ്ധയിലെത്തിയെങ്കിലും മൂന്നാം ദിവസമാണ് പ്രതിഷേധത്തിന് സമരരൂപമാകുന്നത്. ക്രൈസ്ത സഭയിലെ നീതി നിഷേധങ്ങൾക്കെതിരെയും പീഡനങ്ങൾക്കെതിരെയും സഭക്കുള്ളിൽ നിന്ന് തന്നെ ശബ്ദം ഉയർത്തുന്ന ഒരു കൂട്ടം വൈദികരുടെ പിന്തുണയിൽ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിനൊപ്പം ഫാദർ അഗസ്റ്റിൻ വട്ടോളി കൺവീനറായി SAVE OUR SISTERS എന്ന സംഘടനയ്ക്ക് രൂപം നൽകി. പിന്നാലെ സംസ്ഥാനത്തെ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ സജീവമുഖങ്ങൾ ഇവർക്കൊപ്പം ചേർന്നു. 

ഹൈക്കോടതി ജംഗ്ഷനിലെ സമരകേന്ദ്രം വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം,ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളും, സമൂഹപ്രവർത്തകരും നിരാഹാര സമരം തുടങ്ങി. ഉണർത്തുപാട്ടുമായി നാടകപ്രവർത്തകരെത്തി, ഗൗരിയമ്മയുടെയും ഗോപിയാശാന്‍റെയും ഐക്യദാർഢ്യ പ്രസ്താവനകൾ സമരപന്തലിൽ മുഴങ്ങി. കോഴിക്കോടും തിരുവനന്തപുരത്തും സമരകേന്ദ്രങ്ങൾ ഉയർന്നു. പ്രത്യക്ഷ സമരം തുടങ്ങിയതോടെ നടപടികളുമായി ജലന്ധർ രൂപതയും രംഗത്തെത്തി. പീഡനം നേരിട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടായിരുന്നു പ്രതികാരം. അറസ്റ്റെന്ന ആവശ്യം ശക്തമായതോടെ ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് ഓരോന്നിനും സമരപന്തലിലിരുന്ന കന്യാസ്ത്രീമാർ കൃത്യമായ മറുപടികൾ നൽകി. 

Bishop Verdict : ജലന്ധർ രൂപതയെ പിടിച്ചുകുലുക്കിയ ബലാത്സംഗക്കേസ്; അന്വേഷണ സംഘത്തെ ചുറ്റിച്ച ഫ്രാങ്കോ മുളയ്ക്കൽ

രാഷ്ട്രീയ പാർട്ടികളിൽ സിപിഎം മാത്രമല്ല പ്രതിപക്ഷമായ കോൺഗ്രസ്സും സമരത്തിനോട് കരുതലെടുത്താണ് പ്രതികരിച്ചത്. മുഖ്യധാരയിലെ ഒരു രാഷ്ട്രീയ നേതാവും സമരപന്തലിലെത്തിയില്ല. പ്രതിപക്ഷത്തിലെ വനിതാ നേതാക്കൾ ഇടയ്ക്കിടെ സാന്നിദ്ധ്യം അറിയിച്ചു. ഒടുവിൽ സമരത്തിന്‍റെ പന്ത്രണ്ടാം ദിവസം ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹാജരായി. എന്ത് നടന്നാലും ബിഷപ്പിന്‍റെ അറസ്റ്റില്ലെങ്കിൽ സമരം പിൻവലിക്കില്ലെന്ന് സമരസമിതിയും നിലപാടെടുത്തു. ആദ്യദിവസം നിരാശയായിരുന്നു ഫലം. രണ്ടാം ദിവസം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനകൾ ശക്തമായി. പൊലീസിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ് തുടർന്നു. ഒടുവിൽ അറസ്റ്റിൽ സ്ഥിരീകരണം എത്തി. നിലവിലെ സമരം അവസാനിപ്പിക്കുന്നെങ്കിലും കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി സമരപന്തൽ പിരിഞ്ഞു. തുടർന്ന് വിചാരണഘട്ടത്തിലും കന്യാസ്ത്രീക്ക് മുഴുവൻ പിന്തുണയും നൽകി സമരസമിതി നിലയുറപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
'മുസ്ലീങ്ങള്‍ ഏറ്റവും നല്ലവരും സ്നേഹമുള്ളവരും'; എംഎ യൂസഫലിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് കോടീശ്വരൻ രവി പിള്ള