സഭയില്‍ മാത്രമല്ല, പഞ്ചാബിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും രാഷ്ട്രീയക്കാരായും വരെ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്. ബലാംത്സംഗ പരാതി ഉയർന്നപ്പോള്‍ ഈ സ്വാധീനങ്ങളെല്ലാം ഉപയോഗിച്ച് ഫ്രാങ്കോ മുളക്കല്‍ അതിനെ നേരിട്ടതായി പരാതിക്കാരായ കന്യാസ്ത്രീകള്‍ തന്നെ ആരോപിച്ചിട്ടുണ്ട്.

ദില്ലി: ജലന്ധർ രൂപതയെ (Diocese of Jalandhar) തന്നെ ഞെട്ടിക്കുന്നതായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ (Franco Mulakkal) ബലാത്സംഗക്കേസ്. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ബിഷപ്പ് ഹൗസില്‍ മണിക്കൂറുകളോളം കാത്ത് നിര്‍ത്തിയതടക്കമുള്ള നാടകീയതകള്‍ അന്വേഷണത്തിനിടെ അരങ്ങേറിയിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണെന്ന ഘട്ടം വരെ ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പോലും ഫ്രാങ്കോ മുളക്കല്‍ തയ്യാറായിരുന്നില്ല.

സഭയില്‍ മാത്രമല്ല, പഞ്ചാബിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും രാഷ്ട്രീയക്കാരായും വരെ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്. ബലാംത്സംഗ പരാതി ഉയർന്നപ്പോള്‍ ഈ സ്വാധീനങ്ങളെല്ലാം ഉപയോഗിച്ച് ഫ്രാങ്കോ മുളക്കല്‍ അതിനെ നേരിട്ടതായി പരാതിക്കാരായ കന്യാസ്ത്രീകള്‍ തന്നെ ആരോപിച്ചിട്ടുണ്ട്. തുടക്കത്തില്‍ വലിയ ആത്മവിശ്വാസത്തോടെ ആരോപണം നേരിട്ട ഫ്രാങ്ക് മുളക്കല്‍ കേസ് ശക്തിപ്പെടും തോറും പ്രതിസന്ധിയിലാകുതാണ് കാണാനായത്. 

കേസ് എടുത്തതിന് പിന്നാലെ 2018 ഓഗസ്റ്റില്‍ പഞ്ചാബിലെ ജലന്ധറിലെത്തിയ കേരള പൊലീസ് മിഷനറീസ് ഓഫ് ജീസസ് മദർ ജനറൽ സിസ്റ്റർ റെജീന ഉള്‍പ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുത്തു. ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹൗസിലെത്തിയെങ്കിലും അതുവരെ അവിടെ ഉണ്ടായിരുന്ന ബിഷപ്പിനെ കാണാന്‍ അന്വേഷണ സംഘത്തിനായില്ല. മാധ്യമങ്ങളോടടക്കം ബിഷപ്പ് ഹൗസില്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ വാദം. എന്നാല്‍ മണിക്കൂറുകള്‍ കേരള പൊലീസിനെ ബിഷപ്പ് ഹൗസില്‍ കാത്ത് നിർത്തി രാത്രിയോടെ മാത്രമാണ് ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവർത്തക‍രെ ബിഷപ്പിനൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യുക പോലുമുണ്ടായി.

പുലർച്ച വരെ ചോദ്യം ചെയ്യല്‍ നീണ്ടു. അറസ്റ്റ് ഉണ്ടാകുമെന്ന കരുതിയിരുന്നെങ്കിലും കേരളത്തിലേക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞ് അന്വേഷണസംഘം മടങ്ങി. ബലാത്സംഗ കേസ് എടുത്തിട്ടും ജലന്ധർ ബിഷപ്പ് പദവി ഒഴിയാന്‍ ഫ്രാങ്കോ മുളക്കല്‍ തയ്യാറായിരുന്നില്ല എന്നത് വലിയ വിമർശനം ഉയർത്തി. ദേശീയ തലത്തിലും ബിഷപ്പിനെതിരായി കേസ് വലിയ വാർത്ത പ്രാധാന്യം നേടി. ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷനും ഇടപെട്ടു. പതിയെ കേസ് ശക്തിപ്പെട്ട് വരുന്നതും അറസ്റ്റിലേക്ക് നീങ്ങുന്നതും മനസ്സിലായതിന് പിന്നാലെയാണ് പദവിയില്‍ നിന്ന് ഫ്രാങ്കോയെ നീക്കാന്‍ സഭ നേതൃത്വം തന്നെ തയ്യാറായത്.