ബിജെപിയും സിപിഎമ്മും ഒരുമിച്ചാണ് ഇപ്പോള്‍ തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നത്. മന്ത്രി കെഎം ഷാജിയെ ഇന്നലെ യുവമോര്‍ച്ച നടുറോഡില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ക്രമസമാധാനം തകര്‍ക്കാനും ബിജെപിയും സിപിഎമ്മും ഒരേ മനസായി പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ആരോപിച്ചു.

തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് നാട്ടില്‍ കലാപമഴിച്ചുവിടാനാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. നാടിന്‍റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കർശനമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് ഡിവൈഎഫ്ഐക്കാര്‍. മന്ത്രിയായിരിക്കെ എം.വി രാഘവനെയും കണ്ണൂരില്‍ പലയിടങ്ങളിലാണ് സിപിഎം ആക്രമിച്ചത്. ഇന്ന് കായികമന്ത്രി ഒജെ ജനീഷിനെ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ആക്രമിച്ചതും ഇതേ ശൈലിയുടെ ഭാഗമായാണ്. കാലഹരണപ്പെട്ട രാഷ്ട്രീയശൈലിയാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നത്. ബിജെപിയും സിപിഎമ്മും ഒരുമിച്ചാണ് ഇപ്പോള്‍ തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നത്. മന്ത്രി കെഎം ഷാജിയെ ഇന്നലെ യുവമോര്‍ച്ച നടുറോഡില്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ക്രമസമാധാനം തകര്‍ക്കാനും ബിജെപിയും സിപിഎമ്മും ഒരേ മനസായി പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുമ്പോള്‍ സിപിഎമ്മിനെന്താണ് ഇത്ര വിഷമം? എം എ ബേബിയടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തിലുള്ള അങ്കലാപ്പ് മനസിലാകുന്നില്ല. വോട്ടുചോരി വിഷയം അഖിലേന്ത്യാ തലത്തില്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രക്ഷോഭം ഇവിടെ സിപിഎമ്മിനെ ഭയപ്പെടുത്തുകയാണോ ? ഇന്നലെ തിരുവനന്തപുരത്ത് യൂത്തുകോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലേക്ക് യൂണിവേഴ്സിറ്റി കോളജ് ക്യാംപസില്‍നിന്ന് ബിയര്‍ കുപ്പിയും കല്ലും വലിച്ചെറിഞ്ഞത് എസ്എഫ്ഐക്കാരാണ്. എന്ത് രാഷ്ട്രീയ മര്യാദയാണ് ഇത് ? ഇന്നലെയും ഇന്നുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിക്കുന്നത് മോശം മുദ്രാവാക്യങ്ങളാണ്. സിപിഎം നേതാക്കളുടെ പിന്തുണയിലാണ് പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. ബിജെപി രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോള്‍ അവരെ രക്ഷപ്പെടുത്തുന്ന ദൗത്യമാണോ സിപിഎം കൈക്കൊള്ളുന്നതെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.