കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ സൗജന്യ മെഡിക്കല്‍ പരിശോധന

By Web TeamFirst Published Feb 12, 2021, 12:48 PM IST
Highlights

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കഠിനവും ആയാസകരവുമായ ജോലി സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് എംഡി ബിജു പ്രഭാകര്‍ ചടങ്ങിൽ പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധന ഉറപ്പാക്കും. ജീവനക്കാര്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ പരിശോധന യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ജീവനക്കാർക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കഠിനവും ആയാസകരവുമായ ജോലി സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് എംഡി ബിജു പ്രഭാകര്‍ ചടങ്ങിൽ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദവും ആരോഗ്യകാര്യത്തില്‍ ശ്രദ്ധയില്ലാത്തതും ജീവന്‍ അപകടത്തിലാക്കുന്നു. മറ്റ് തൊഴില്‍മേഖലകളെ അപേക്ഷിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണനിരക്കും കെഎസ്ആര്‍ടിസിയ്ല്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ആറു മാസത്തിലൊരിക്കലെങ്കിലും മെഡിക്കല്‍ പരിശോധന ഉറപ്പ് വരുത്താനുള്ള സംവിധാനം തയ്യാറാക്കിയത്. 

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രൊട്ടക്ഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തയ്യാറാക്കിയത്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജീവനക്കാര്‍ക്ക് പരിശോധന നടത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്ന എല്ലാ പരിശോധനകളും മൊബൈല്‍ യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്. 

ഡോക്ടറും, നഴ്സും, ലാബ് ടെക്നീഷ്യനും മൊബൈല്‍ യൂണിറ്റിലുണ്ടാകും. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നവർക്ക് വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മെഡിക്കല്‍ പരിശോധന ഉറപ്പുവരുത്തും.

click me!