
അങ്കമാലി: അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 'ബെസ്റ്റ് വേ' എന്ന സ്വകാര്യ ബസിൽ വിദ്യാർത്ഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുടമകളുടേതാണ് തീരുമാനം. അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകൾ പ്രതിഷേധ ധർണ നടത്തും.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെ തുടർന്ന് കൊരട്ടി - അങ്കമാലി റൂട്ടിലെ സ്വകാര്യ ബസുകൾ വലിയ പ്രയാസം അനുഭവിക്കുകയാണെന്ന് ബസുടമകൾ പറഞ്ഞു. ഈ റൂട്ടിലെ തൊഴിലാളികൾക്ക് കൂലി പോലും കിട്ടുന്നില്ലെന്നും ഡീസലടിക്കാൻ പോലും വരുമാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസുകളുടെ പ്രതിനിധിയായി ബെസ്റ്റ് ബേ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചതെന്ന് ബസുടമകൾ പറഞ്ഞു.
കൺസെഷൻ നിരക്കിൽ വർഷങ്ങളായി മാറ്റമില്ലാത്തതിൽ പ്രതിഷേധിച്ചാണ് സൗജന്യ യാത്രയിൽനിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കുന്നത്. ഇതരസംസ്ഥാനക്കാരുടെ കാര്യം പോലും പരിഗണിക്കാതെ ആണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. അതിനാലാണ് ഇതരസംസ്ഥാനക്കാർക്ക് ഇന്ന് സൗജന്യ യാത്ര അനുവദിക്കാത്തതെന്നും ബസുടമകൾ പറഞ്ഞു.
പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി ബസുകളിലേക്ക് മാറിയതോടെ സ്വകാര്യ ബസ് മേഖല തകർച്ചയിലേക്ക് മാറിയിരിക്കുകയാണ്. അങ്കമാലി - കൊരട്ടി, ആലുവ - അത്താണി - വട്ടപ്പറമ്പ് - പറവൂർ, അങ്കമാലി - മലയാറ്റൂർ, അങ്കമാലി - മഞ്ഞപ്ര, അങ്കമാലി - മൂക്കന്നൂർ തുടങ്ങിയ റൂട്ടുകളിൽ കടുത്ത പ്രതിസന്ധിയാണ്. പ്രിയദർശിനി പദ്ധതിയോട് എതിർപ്പില്ല. എന്നാൽ ഈ മേഖലയിൽ വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെയും ബസുടമകളെയും സംരക്ഷിക്കണമെന്നാണ് ആവശ്യമെന്നും ബസുടമകൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam