
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും സമവായമായില്ല. ഫാക്ടറി തുറക്കാൻ ഉടമകളേയും സമരസമിതിയേയും ഒരുമിച്ചിരുത്തി ചർച്ച വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് പ്രതിനിധികൾ വ്യക്തമാക്കി. മാലിന്യ പ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികൾ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേർന്ന് ചർച്ച നടത്താനാവില്ലെന്നും അവർ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിപ്പട്ടിക പൊലീസ് പുറത്ത് വിടണമെന്നും അനാവശ്യമായി എല്ലാ വീടുകളും കയറുന്നത് അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും ഇതുവരേയും തുറന്നിട്ടില്ല.
താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കാളികളായി. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു. ഫാക്ടറിയുടെ പ്രവർത്തനം നിർത്തുന്നവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം 16 ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam